ഡോക്ടർമാരുടെ കൂട്ടസ്ഥലംമാറ്റം; ശസ്ത്രക്രിയ മുടങ്ങും
text_fieldsകോഴിക്കോട്: കേരള ആരോഗ്യ സർവകലാശാലയുടെ പരിശോധനക്കുമുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 39 ഡോക്ടർമാരുടെ കൂട്ടസ്ഥലംമാറ്റം നടപ്പാക്കിത്തുടങ്ങിയത് ആശുപത്രിയിലെ ചികിത്സയെയും ശസ്ത്രക്രിയകളെയും ബാധിച്ചുതുടങ്ങി. അടിയന്തര പ്രാധാന്യത്തോടെയുള്ള ഉത്തരവ് ലഭിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വെള്ളിയാഴ്ച തന്നെ ഡോക്ടർമാർ വിടുതൽ നേടിത്തുടങ്ങിയിരുന്നു.
ഇത് മെഡിസിൻ, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ ഒ.പി ചികിത്സയെ അടക്കം ബാധിച്ചു. ജനറൽ സർജറി വിഭാഗത്തിൽനിന്ന് മൂന്നും അനസ്തേഷ്യ വിഭാഗത്തിൽനിന്ന് മൂന്നും ഡോക്ടർമാരെ സ്ഥലം മാറ്റിയിട്ടുണ്ട്.
കാർഡിയോളജി, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം എന്നിവയിൽനിന്ന് മൂന്നു വീതം ഡോക്ടർമാരെയും മാറ്റി. നേരത്തെതന്നെ അനസ്തേഷ്യ ഡോക്ടർമാരുടെ കുറവുകാരണം സർജറി അടക്കം സമയത്തിന് നടത്താൻ കഴിയാതിരുന്ന ആശുപത്രിയിൽ നിന്നാണ് മൂന്ന് അനസ്തേഷ്യ ഡോക്ടർമാരെ കൂട്ടത്തോടെസ്ഥലം മാറ്റിയത്.
ഡോക്ടർമാരുടെ അഭാവം കാരണം അത്യാഹിത വിഭാഗത്തിൽ രാത്രികാല ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥവരെ ഒരു മാസം മുമ്പ് മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്. ഇതിനുപിന്നാലെയാണ് ഇപ്പോഴത്തെ കൂട്ട സ്ഥലം മാറ്റം.
സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിൽ നിന്നായി 73, ഗവ. ഡെന്റൽ കോളജുകളിൽ നിന്നായി 2 എന്നിങ്ങനെ ഡോക്ടർമാരെയാണ് കാസർകോട്, വയനാട് മെഡിക്കൽ കോളജുകളിലേക്ക് സ്ഥലം മാറ്റിയത്.
ഇതിൽ കൂടുതൽ പേരെ സ്ഥലം മാറ്റിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ്.
ജനങ്ങളോടുള്ള വെല്ലുവിളി: എം.കെ. രാഘവൻ എം.പി
കോഴിക്കോട്: ആരോഗ്യ സർവകലാശാല പരിശോധനക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മാത്രം 39 ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം.കെ. രാഘവൻ എം.പി. 73 ഡോക്ടർമാരെ സ്ഥലം മാറ്റിയപ്പോൾ 39 പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് തിരഞ്ഞെടുത്തത്. മെഡിക്കൽ കോളജുകളിലേക്ക് സ്ഥിരം തസ്തിക സൃഷ്ടിക്കാതെ നടത്തുന്ന ചെപ്പടിവിദ്യ കണ്ണിൽ പൊടിയിടാനാണെന്നും എം.പി ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മലബാറിലെ ജില്ലകളാണെന്നും എം.പി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള കൂട്ട സ്ഥലം മാറ്റം മൂലം വിദഗ്ധ ചികിത്സ ലഭിക്കേണ്ട പതിനായിരക്കണക്കിന് രോഗികളാണ് വലയുക. കാസർകോട് വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ അഭാവം മൂലമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാരെ താൽകാലികമായി മാറ്റേണ്ടി വന്നത്. ഭൂരിപക്ഷം എൽ.ഡി.എഫ് ജനപ്രതിനിധികളെ ജയിപ്പിച്ച് വിട്ട കാസർകോട് പോലുള്ള ജില്ലകളിലെ സർക്കാറിന്റെ ഭാഗമായ എൽ.ഡി.എഫ് ജനപ്രതിനിധികൾ തെരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബദ്ധത പുലർത്തി സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.