കൂടത്തായി കൂട്ടക്കൊല; നാലു മൃതദേഹങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ നാലു പേരുടെ വധക്കേസിൽ ക്രൈംബ്രാഞ്ച്, പ്രത്യേക കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അന്നമ്മ തോമസ്, ടോം തോമസ്, ആൽഫൈൻ, മഞ്ചാടി മാത്യു കൊലക്കേസുകളിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ കേസുകളിൽ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡിന്റെ അവശിഷ്ടം തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പ്രതി ജോളിയുടെ നേതൃത്വത്തിൽ സയനൈഡ് ഭക്ഷണത്തിൽ കൊടുത്തു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് ഹൈദരാബാദിലെ കേന്ദ്ര ലാബിൽ മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിച്ച് തുടരന്വേഷണം നടത്താൻ കോടതി അനുവദിക്കുകയായിരുന്നു. ഹൈദരാബാദിൽനിന്നുള്ള റിപ്പോർട്ടിലും സയനൈഡ് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ കാലപ്പഴക്കം കാരണം സയനൈഡ് സാന്നിധ്യം വ്യക്തമാവാത്തതും മറ്റും ഉൾക്കൊള്ളിച്ചതാണ് തുടരന്വേഷണ റിപ്പോർട്ട്. നാലു കേസും കോടതി നവംബർ 30ന് വീണ്ടും പരിഗണിക്കും. കൂട്ടക്കൊലയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം ബുധനാഴ്ച തുടർന്നു. ഒന്നാം പ്രതി ജോളി, നാലാം പ്രതി മനോജ് കുമാർ, സാക്ഷി മഹേഷ് കുമാർ എന്നിവരുടെ ഒപ്പുകളും കൈയക്ഷരവും പരിശോധനക്കായി എടുക്കുന്നതിന് താൻ സാക്ഷിയായിരുന്നു എന്ന് 71ാം സാക്ഷി നടക്കാവ് എ.എസ്.ഐ സന്തോഷ് മാമ്പാട്ടിൽ മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി. ജോളിയുടെ വീട്ടിൽനിന്നും മൂന്നാം പ്രതി പ്രജികുമാറിന്റെ കടയിൽനിന്നും കണ്ടെടുത്ത സയനൈഡ് പരിശോധനക്കായി കെമിക്കൽ ലാബിൽ എത്തിച്ചത് താനായിരുന്നു എന്നും സന്തോഷ് മൊഴി നൽകി.
അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം കളവായി മൊഴി കൊടുക്കുകയാണെന്ന പ്രതിഭാഗത്തിന്റെ വാദം സന്തോഷ് നിഷേധിച്ചു. ഒന്നാം പ്രതി ജോളിയുടെ വീട്ടിൽനിന്നും മൂന്നാം പ്രതി പ്രജികുമാറിന്റെ കടയിൽനിന്നും കണ്ടെടുത്ത സയനൈഡ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയത് താനാണെന്ന് 72ാം സാക്ഷി അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ പി.പി. സുധാകരൻ മൊഴി നൽകി. പ്രതികൾക്കുവേണ്ടി ഹിജാസ് അഹമ്മദ്, എം. രാജേഷ് കുമാർ എന്നിവർ എതിർവിസ്താരം ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഹീർ അഹമ്മദ് എന്നിവർ ഹാജരായി. റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം ഈ മാസം 30ന് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.