മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പൊലീസ് കേസെടുത്തു
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിലെ ജീവനക്കാരനെന്ന് പരിചയപ്പെടുത്തി പൊക്കുന്ന് തച്ചയിൽ പറമ്പ് വി. ദിദിൻകുമാർ ലക്ഷങ്ങൾ തട്ടിയെന്നാണ് പൊലീസിൽ ലഭിച്ച പരാതി.
അതിന്റെ അടിസ്ഥാനത്തിൽ ദിദിൻ കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസ് എടുത്തു. രണ്ടു ദിവസത്തിനിടെ 15 പേർ ചേവായൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തി. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർ സുദർശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇവരിൽനിന്ന് 1,25,00,000 രൂപ തട്ടിയെന്നാണ് പൊലീസ് നിഗമനം.
ആശുപത്രി വികസന സമിതിക്ക് കീഴിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഭാര്യക്ക് ഡേറ്റ എൻട്രി ഓപറേറ്റർ ജോലി ശരിപ്പെടുത്താമെന്ന് ഉറപ്പുനൽകി ദിദിൻ 3,76,000 രൂപ തട്ടിയതായി കുരുവട്ടൂർ സ്വദേശി പറഞ്ഞു. പന്തീരാങ്കാവ് സ്വദേശിയിൽനിന്ന് 3,75,000 രൂപയും തട്ടിയിട്ടുണ്ട്.
പണം നൽകിയവരെ കബളിപ്പിക്കുന്നതിനായി ആശുപത്രിയുടെ സീൽ പതിച്ച് നിയമന ഉത്തരവെന്ന് തോന്നിപ്പിക്കുന്ന പേപ്പർ കോപ്പിയും തട്ടിപ്പിനിരയായവർക്ക് ഇയാൾ അയച്ചുകൊടുത്തിരുന്നു.
എന്നാൽ, ഇയാൾ മെഡിക്കൽ കോളജ് ജീവനക്കാരനാണോ എന്നതു സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. അത്തോളി, മുക്കം, കൊയിലാണ്ടി, പന്തീരാങ്കാവ്, എലത്തൂർ, നഗരം തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് പൊലീസിൽ ആദ്യ പരാതി ലഭിച്ചത്.
ഇതിനു പിന്നാലെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തുകയായിരുന്നു. 40ൽ അധികം പേർ ദിദിൻ കുമാറിന്റെ തട്ടിപ്പിനിരയായതായാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് കരുതുന്നത്. ഒന്നര വർഷത്തിനിടക്കാണ് ദിദിൻ ആശുപത്രി വികസന സമിതിക്കു കീഴിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം തട്ടിയത്.
ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. തന്റെ സ്വാധീനം തെളിയിക്കുന്നതിനായി ആശുപത്രിയിൽനിന്ന് സർജറി അടക്കമുള്ള കാര്യങ്ങൾ ഇയാൾ ഇടപെട്ട് നേരത്തേയാക്കിക്കൊടുത്തിരുന്നതായും പരാതിക്കാർ പറഞ്ഞു.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്തെത്തിയത്. ദിദിൻ ഒളിവിലാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.