നാടിനെ നടുക്കി അപകടം
text_fieldsമാവൂർ: കോഴിക്കോട് റോഡിൽ കൽപള്ളിയിലുണ്ടായ അപകടം നാടിനെ നടുക്കി. ഇരുഭാഗത്തും വെള്ളക്കെട്ടും താഴ്ചയുമുള്ള കൽപ്പള്ളി ഭാഗത്ത് ബസ് മറിഞ്ഞതറിഞ്ഞ നാട്ടുകാർ അപകട സ്ഥലത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. വീതികുറഞ്ഞ റോഡിൽ നാട്ടുകാരും ജനങ്ങളും വാഹനങ്ങളും നിരന്നതോടെ ഗതാഗതം പൂർണമായി മുടങ്ങി. സുപരിചിതനായ യുവാവിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുൻ സുധീർ ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ ബസിലിടിച്ച് അപകടമുണ്ടായത്. യുവാവ് പുതിയ ഇലക്ട്രിക് സ്കൂട്ടർ റോഡിലിറക്കിയിട്ട് രണ്ടുദിവസമേ ആയിട്ടുള്ളൂ. വീട്ടിൽനിന്ന് പുറപ്പെട്ട് നിമിഷനേരങ്ങൾക്കുള്ളിലാണ് അപകടത്തിൽപെടുന്നതും തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് മരിക്കുന്നതും. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 5.30ന് വീട്ടിലെത്തിച്ച മൃതദേഹം രാത്രി 11ന് വെള്ളലശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
രാവിലെ പത്തോടെ പൊതുവേ യാത്രക്കാർ കുറഞ്ഞ സമയത്താണ് അപകടം ഉണ്ടായത്. കോഴിക്കോട്-മാവൂർ-ചെറുവാടി-അരീക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന കാശിനാഥ് ബസിന്റെ ഈ ട്രിപ് മാവൂരിലാണ് യാത്ര അവസാനിപ്പിക്കുന്നത്. അതിനാൽ, ബസിൽ യാത്രക്കാർ കുറവായിരുന്നു. കൽപള്ളി വയലിലേക്ക് പൊതുവേ താഴ്ചകുറഞ്ഞ ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. എന്നാൽ, റോഡിന്റെ നേരെ എതിർഭാഗത്തും, അപകടം സംഭവിച്ചതിന്റെ മറ്റുഭാഗങ്ങളിലും വലിയ താഴ്ചകളാണുള്ളത്. അപകടം നടന്നയുടൻ നാട്ടുകാരെത്തിയാണ് ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
സി.ഐ കെ. വിനോദന്റെ നേതൃത്വത്തിൽ മാവൂർ പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബസിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് ആശങ്കയുണ്ടായിരുന്നു. മുക്കത്തുനിന്ന് അഗ്നിശമനസേന എത്തിയശേഷം തെങ്ങിലക്കടവിലെ മില്ലിൽനിന്ന് ക്രെയിൻ എത്തിച്ചാണ് ബസ് ഉയർത്തിയത്. തുടർന്ന് ബസും മാവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.