മാവൂർ-എരഞ്ഞിമാവ് റോഡ് നവീകരണം പാതിവഴിയിൽ
text_fieldsചെറുവാടി: കോഴിക്കോട് -ഊട്ടി ഹ്രസ്വ പാതയുടെ ഭാഗമായ മാവൂർ മുതൽ എരഞ്ഞിമാവ് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാവാതെ പാതിവഴിയിൽ. ബി.എം, ബി.സി ടാറിങ്ങിന് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ, ഇന്റർലോക്ക് പതിക്കൽ, റോഡ് മാർക്കിങ്, കൈവരി, സൂചന ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്.
ഡി.പി.ആറിൽ നിർദേശിക്കപ്പെട്ട പല കാര്യങ്ങളും ഇതുവരെ ചെയ്തിട്ടില്ല. ഒരിടത്തും ഓവ് ചാലുകൾ കെട്ടിയിട്ടില്ല. മഴ പെയ്താൽ പരപ്പിൽ, തെനങ്ങാപറമ്പ്, ചുള്ളിക്കാപറമ്പ്, കൂളിമാട്, താതൂർ പൊയിൽ ഭാഗങ്ങളിൽ റോഡിലൂടെ വെള്ളം പരന്നൊഴുകന്ന അവസ്ഥയായിരിക്കും. റോഡ് മാർക്കിങ്ങും പാതി വഴിയിലാണ്. സൂചന ബോർഡുകൾ റിഫ്ലക്റ്ററുകൾ എന്നിവ സ്ഥാപിക്കലും പൂർണമായിട്ടില്ല. ടാറിങ് കഴിഞ്ഞ് ആറു ദിവസം പൂർത്തിയാവുന്നതിനു മുമ്പുതന്നെ ഒമ്പത് സ്ഥലങ്ങളിൽ 200 മീറ്ററിലധികം നീളത്തിൽ റോഡ് വിണ്ടുകീറി തകർന്നതാണ് വൻ വിവാദത്തിന് കാരണമായത്.
തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി വകുപ്പുതല നടപടികൾ സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ് മുഖം രക്ഷിക്കുകയായിരുന്നു. തകർന്ന ഭാഗങ്ങൾ കരാറുകാരൻതന്നെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഏറ്റവും ഒടുവിലായി ചുള്ളിക്കാപറമ്പ് അങ്ങാടിക്കടുത്തും താതൂർ പൊയിൽ ഭാഗത്തും വീണ്ടും തകർന്നു. ഫെബ്രുവരി 24ന് ചെറുവാടി കാവിലട റോഡിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനു പൊതുമരാമത്ത് മന്ത്രി വരുന്നതിന് മുമ്പേ അധികൃതർ പേരിന് അറ്റകുറ്റപണി നടത്തിയതായി ആക്ഷേപമുണ്ട്.
മലയോര ഹൈവേ: വീട്ടിപ്പാറ പാലം, അപ്രോച്ച് റോഡ് പ്രവൃത്തി ഇഴയുന്നു
തിരുവമ്പാടി: മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിലുൾപ്പെടുന്ന കൂടരഞ്ഞി വീട്ടിപ്പാറ പാലം, അപ്രോച്ച് റോഡ് പ്രവൃത്തി ഇഴയുന്നു. കൂടരഞ്ഞി-കൂമ്പാറ റോഡിലാണ് വീട്ടിപ്പാറ പാലം പ്രവൃത്തി നടക്കുന്നത്.
വീട്ടിപ്പാറ പാലവും അപ്രോച്ച് റോഡും നിർമാണം തുടങ്ങിയിട്ട് എട്ടു മാസം കഴിഞ്ഞെങ്കിലും പണി പകുതിപോലും ആയിട്ടില്ല. പ്രവൃത്തി കാരണം റോഡ് അടച്ചതിനാൽ പനക്കച്ചാൽ, വീട്ടിപ്പാറ, കല്പിനി, പുഷ്പഗിരി പ്രദേശങ്ങളിലെ ജനങ്ങൾ യാത്രാസൗകര്യം ഇല്ലാതെ ദുരിതമനുഭവിക്കുകയാണ്.
പ്രവൃത്തി എത്രയുംവേഗം പൂർത്തിയാക്കണമെന്ന് പുഷ്പഗിരിയിൽ ചേർന്ന കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ച കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ, സാലസ് ചെമ്പുകെട്ടിക്കൽ ജോസ് വള്ളിക്കുന്നേൽ, കെ.വി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
തിരുവമ്പാടിയിൽ 11 റോഡുകൾ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: എം.എൽ.എ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച തിരുവമ്പാടി നിയോജക മണ്ഡലത്തിലെ 11 റോഡുകൾ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ പഞ്ചായത്തിലെ പഞ്ചായത്ത്-അടുപ്പശ്ശേരി റോഡ്, ചാലിയാർ-തേക്കുംതോട്ടത്തിൽ റോഡ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓടത്തെരുവ്-കുവ്വപ്പാറ റോഡ്, മുക്കം നഗരസഭയിലെ വട്ടംകണ്ടി-കുനിയിൽതാഴം റോഡ്, കുറിയേരി-മലമ്മൽ റോഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കലയപ്പുറത്ത് റോഡ്, വി.കെ പടി-ചെങ്കുന്ന് റോഡ്, കണ്ണന്താനംപടി-കെ.പി.എസ്റ്റേറ്റ് റോഡ്, കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇലഞ്ഞിക്കൽ -മാമ്പറ്റപ്പാറ റോഡ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വയനാടൻകുന്ന് റോഡ്, പുല്ലുമല - നീറ്റിക്കൽ റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ചത്.
റോഡ് വികസനത്തിന് കുറിക്കല്യാണമൊരുക്കി വെസ്റ്റ് കൊടിയത്തൂർ ഗ്രാമം
കൊടിയത്തൂർ: പഴയകാലത്തെ ഓർമിപ്പിക്കും വിധം ഈന്തപ്പനയോല കെട്ടി ചായപ്പീടിക അലങ്കരിച്ച് ഗ്രാമീണ രീതിയിൽ കുറിക്കല്യാണം നടത്തി വെസ്റ്റ് കൊടിയത്തൂർ നിവാസികൾ. നാളേറെയായുള്ള സ്വപ്നമായ റോഡ് വികസനം സാധ്യമാക്കുന്നതിനാണ് പഞ്ചായത്തിലെ 13,14,16 വാർഡുകളുടെ സംഗമ സ്ഥലമായ വെസ്റ്റ് കൊടിയത്തൂരിൽ റോഡ് കല്യാണം എന്ന പേരിൽ കുറി കല്യാണം നടത്തിയത്.
എരഞ്ഞിമാവ് മാവൂർ- കോഴിക്കോട് പാതയിലെ ഇടവഴിക്കടവിലേക്ക് എത്തുന്ന 1.2 കിലോമീറ്റർ റോഡിന്റെ വികസനത്തിനായാണ് വെസ്റ്റ് കൊടിയത്തൂർ വികസന സമിതിയുടെ നേതൃത്വത്തിൽ റോഡ് കല്യാണം സംഘടിപ്പിച്ചത്. റോഡിനായി പൊളിച്ചു മാറ്റുന്ന മതിലുകൾ പുനർനിർമിച്ച് നൽകുന്നതിനും പദ്ധതി തയാറാക്കി. റോഡ് ആറു മീറ്റർ വീതിയിലാക്കി നൽകിയാൽ ജില്ല പഞ്ചായത്ത് റോഡായി ഏറ്റെടുത്ത് ഫണ്ട് അനുവദിക്കും.
പൊളിക്കുന്ന മതിലുകൾ പുനർനിർമിച്ച് നൽകുന്നതിന് 50 ലക്ഷം രൂപയിൽ അധികം ചെലവ് വരും. ഇതിനു വേണ്ടിയാണ് ഞായറാഴ്ച വൈകീട്ട് മൂന്നു മുതൽ എട്ടു വരെ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയിൽ റോഡ് കല്യാണം എന്ന പേരിൽ പണംപയറ്റ് നടത്തിയത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നാട്ടുകാർ ഒന്നാകെ ഒഴുകിയെത്തിയതോടെ റോഡ് കല്യാണം ഗ്രാമത്തിന്റെ ഉത്സവമായി മാറി.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹ്റ വെള്ളങ്ങോട്ട്, കെ.പി. സുഫിയാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ഷംലൂലത്ത്, കരീം പഴങ്കൽ, കെ.ജി. സീനത്ത്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.പി. ചെറിയ മുഹമ്മദ്, ഇ. രമേശ് ബാബു, സി.ടി.സി. അബ്ദുല്ല, എൻ.കെ. അഷ്റഫ്, കെ.പി. അബ്ദുറഹ്മാൻ, കെ.ടി. മൈമൂന, എ.പി. മുരളീധരൻ പങ്കെടുത്തു.
വികസന കുതിപ്പിന്റെ കാലഘട്ടം -മന്ത്രി
കൊടിയത്തൂർ: ഏഴര വർഷക്കാലം സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വികസന കുതിപ്പിന്റെ കാലഘട്ടമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പ് ചെറുവാടി കാവിലട റോഡ്, കോട്ടമുഴി പാലം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചുള്ളിക്കാപറമ്പ് ചെറുവാടി, കാവിലട റോഡ് 8.07 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് പുനർനിർമിക്കുന്നത്. മുക്കം കൊടിയത്തൂർ റോഡിലെ കോട്ടമുഴി പാലം 3.8 കോടി രൂപ ചെലവിലുമാണ് പുനർനിർമിക്കുന്നത്.
ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ സി.എസ്. അജിത് റിപ്പോർട്ടവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. സുഫിയാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ, ബാബു പൊലുകുന്ന്, മെംബർമാരായ ടി.കെ. അബൂബക്കർ, ആമിന എടത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ഹാഷിം സ്വാഗതവും അസി. എക്സി. എൻജിനീയർ എൻ. ശ്രീജയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.