മാവൂർ റോഡ് ശ്മശാന നിർമാണം അവസാന ഘട്ടത്തിൽ
text_fieldsകോഴിക്കോട്: മാവൂർ റോഡ് ശ്മശാനത്തിൽ നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. കെട്ടിട നിർമാണം ഏറക്കുറെ പൂർത്തിയായി. വൈദ്യുതിവത്കരണ ജോലികളാണ് ഇനി ആരംഭിക്കാനുള്ളത്. നഗരസഭ ആഭിമുഖ്യത്തിൽ 4.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച് മൂന്നു വർഷങ്ങൾ കഴിഞ്ഞു.
2020 സെപ്റ്റംബറിലാണ് നവീകരണം ആരംഭിച്ചത്. 2019 മാർച്ചിൽ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ നിർവഹിച്ചെങ്കിലും പണി തുടങ്ങാനായില്ല. കരാർ നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ഒരു കൊല്ലം പണി മുടങ്ങാൻ കാരണമായി.
ശ്മശാനത്തിൽ പരമ്പരാഗത സംസ്കരണം നിർത്തിയപ്പോഴുള്ള പ്രതിഷേധങ്ങളും കോവിഡ് നിയന്ത്രണങ്ങളും വെള്ളപ്പൊക്കവുമെല്ലാം പണി നീളാൻ കാരണമായി. തൊട്ടടുത്ത വൈദ്യുതി ശ്മശാനവും ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ശ്മശാനത്തിനായുള്ള 5250 ചതുരശ്ര അടി കെട്ടിടത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.
അനുബന്ധ ജോലികളാണ് പുരോഗമിക്കുന്നത്. വൈദ്യുതി ശ്മശാനം മാത്രം നിലനിർത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ് പണി നടക്കുന്നത്. പ്രധാന പ്രശ്നമായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ തറ ഒരു മീറ്ററിൽ അധികം ഉയർത്തിയാണ് പണിയുന്നത്. നൂതന സാങ്കേതിക വിദ്യയിൽ സംസ്കാരം നടത്താൻ മൂന്ന് വാതക ചൂളകളോടുകൂടിയ ശ്മശാനമാണ് പണിയുന്നത്. ഓരോ ചൂളയോടും ചേർന്ന് പരമ്പരാഗത രീതിയിൽ സംസ്കാര ക്രിയകൾ ചെയ്യാനുള്ള സംവിധാനവുമുണ്ട്.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് കുളിച്ചുമാറാൻ സൗകര്യമുണ്ട്. സംസ്കാര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വാങ്ങാൻ സ്റ്റാളും ഓഫിസും കെട്ടിടത്തിൽ പ്രവർത്തിക്കണമെന്നാണ് തീരുമാനം. അന്തരീക്ഷ മലിനീകരണവും ദുർഗന്ധവും ഇല്ലാതാക്കാനുള്ള സംവിധാനവും ഒരുക്കും.
അനുശോചന യോഗങ്ങൾ ചേരാൻ പ്രത്യേക ഹാൾ, വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യം, പ്രധാന കവാടത്തിൽനിന്ന് ഗ്യാസ് ചേംബർ ബ്ലോക്കിലേക്ക് നടപ്പാത, ഉദ്യാനം, അലങ്കാര വിളക്കുകൾ തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്. പൊതുമരാമത്ത് വകുപ്പ് ആർകിടെക്ചർ വിഭാഗത്തിന്റേതാണ് രൂപകൽപന.
മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം നൂറ് അടി ഉയരമുള്ള പുകക്കുഴലിലൂടെ പുറത്തേക്ക് വിടാനാണ് ധാരണ. ചുറ്റുമതിൽ പ്രേത്യക രീതിയിൽ പുനർ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണപ്രവൃത്തി വേഗത്തിൽ നടത്താനുള്ള ശ്രമമാണ്.
വൈദ്യുതി ശ്മശാനവും വാതക ശ്മശാനവും നിലച്ചതോടെ മാവൂർ റോഡ് ശ്മശാനത്തിലെ സംസ്കാരം പൂർണമായി നിലച്ചിട്ട് രണ്ടുമാസം പൂർത്തിയാവുന്നു. ചേംബറിന് വിള്ളൽ വീണ് ചൂട് പുറത്തേക്ക് പോകുന്നതാണ് മുഖ്യപ്രശ്നം. ചൂട് നില നിർത്താൻ കഴിയാത്തതിനാൽ മൊത്തം മാറ്റിപ്പണിയേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. അറ്റകുറ്റപ്പണി സാധ്യമല്ലെന്നാണ് കണ്ടെത്തൽ.
കാലപ്പഴക്കംകൊണ്ടാണ് വൈദ്യുതി ശ്മശാനം തകരാറിലായത്. തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമാണ് കേരളത്തിൽ വൈദ്യുതി ശ്മശാനമുള്ളത്. ഫർണസ് പൂർണമായി മാറ്റിസ്ഥാപിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.