‘സ്മൃതിപഥ’മായി തുറക്കാനൊരുങ്ങി മാവൂർ റോഡ് ശ്മശാനം
text_fieldsകോഴിക്കോട്: നവീകരണ പ്രവൃത്തി അനന്തമായി നീണ്ട് ഒന്നര വർഷത്തിലേറെയായി അടച്ചിട്ട മാവൂർ റോഡ് ശ്മശാനം തുറക്കാനൊരുങ്ങുന്നു. ശ്മശാനം എങ്ങനെ പ്രവർത്തിക്കണമെന്നത് സംബന്ധിച്ച ബൈലോ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. ഈ മാസം തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
നവീകരിച്ച വാതക ശ്മശാനത്തിന് ‘സ്മൃതിപഥം’ എന്ന് പേരുനൽകാൻ ധാരണയായി. മുമ്പ് ശ്മശാനത്തിൽതന്നെ ചേർന്ന യോഗം ആഗസ്റ്റിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ കൗൺസിൽ കാലത്ത് എ. പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റി പണി ആരംഭിച്ചത്. ഇപ്പോൾ നാലു കോടി രൂപ കോർപറേഷൻ കൂടി ചെലവിട്ട് പ്രവൃത്തി വികസിപ്പിക്കുകയായിരുന്നു.
ഫർണസ് സ്ഥാപിച്ചു. ആറ് ഗ്യാസ് ശ്മശാനം, വൈദ്യുതി ശ്മശാനം, പരമ്പരാഗത ശ്മശാനം എന്നിവയാണുണ്ടാവുക. 15 കൊല്ലത്തിലേറെ കഴിഞ്ഞ വൈദ്യുതി ശ്മശാനത്തിന് പകരം പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. നാല് വാതക ചൂള, ഒരു വൈദ്യുതി ചൂള, രണ്ട് പരമ്പരാഗത ചൂള എന്നിവ പുതിയ ശ്മശാനത്തിലുണ്ടാവും. സംസ്കാര സാധനങ്ങൾ കിട്ടുന്ന കിയോസ്ക്, സംസ്കാരശേഷം 60 ദിവസംവരെ ചിതാഭസ്മം സൂക്ഷിക്കുന്നതിനുള്ള ലോക്കറുകൾ, സമൂഹമാധ്യമങ്ങൾ വഴിയടക്കം സംസ്കാര നടപടി തത്സമയം കാണാനുള്ള സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, അനുശോചന ചടങ്ങുകളും മറ്റും നടത്താനുള്ള ഹാൾ, ലാൻഡ് സ്കേപിങ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ലോക്കർ, ഇരിപ്പിടങ്ങൾ എന്നിവയാണ് ഇനി കാര്യമായി സ്ഥാപിക്കാനുള്ളത്. ദഹിപ്പിക്കുന്നതിനുള്ള നിരക്ക് ഉടൻ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.