അടപ്പ് പോയി; ആളെ വിഴുങ്ങാൻ ഓടകൾ
text_fieldsകോഴിക്കോട്: മാവൂർ റോഡിലെ ഫുട്പാത്തിൽ അപകടക്കെണികൾ പെരുകുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നിടത്ത് ഓവുചാലിനിട്ട കമ്പി ഗ്രിൽ താഴ്ന്നതും മാവൂർ റോഡ് ജങ്ഷന് സമീപം നാഷനൽ ഹോസ്പിറ്റലിനടുത്ത് ഓടയുടെ അടപ്പ് തകർന്ന് ഓടയിൽ വീണതുമാണ് അപകടാവസ്ഥയുണ്ടാക്കുന്നത്. രണ്ടിടത്തും കാൽനട യാത്രക്കാരും വാഹനങ്ങളും കെണിയിൽ പെടാതിരിക്കാൻ പഴയ ഡിവൈഡറും കമ്പിയുമൊക്കെ വെച്ച് താൽക്കാലികമായി അടച്ചുവെച്ചിരിക്കയാണിപ്പോൾ.
അബദ്ധത്തിൽ കാൽ തെറ്റിപ്പോയാൽ രണ്ടാൾ താഴ്ചയുള്ള ഓടയിലേക്ക് വീഴും. എപ്പോഴും അപകടം സംഭവിക്കാമെന്ന സ്ഥിതിയാണിപ്പോൾ. കുരിശുപള്ളിക്ക് സമീപം ബാങ്ക് റോഡിൽ നിന്ന് മാവൂർ റോഡിന്റെ തെക്ക് ഭാഗത്തേക്ക് നടന്നുപോവാനായി തീർത്ത സീബ്ര ലൈനിലേക്ക് കയറുന്ന ഭാഗത്താണ് അടപ്പ് തകർന്ന് ഓട വാപിളർത്തുനിൽക്കുന്നത്.
ഓടയുടെ ഇത്തരം അടപ്പുകൾ തകർന്നുവീഴുന്നത് തുടർക്കഥയാണ്. റോഡിൽ പലേടത്തും ഇവ തകർന്നതിനാൽ ഇരുമ്പിന്റെ വലിയ പൈപ്പിൽ നിർമിച്ച അടപ്പുകൾ മാറ്റിസ്ഥാപിച്ചിരുന്നു. ഫുട്പാത്ത് ഉദ്ഘാടന സമയത്തുതന്നെ ഇതിനെതിരെ പരാതിയുയർന്നിരുന്നു. ഇരുചക്രവാഹനങ്ങൾ സ്ഥിരമായി ഫുട്പാത്ത് വഴി കയറ്റിയിറക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
റോഡിൽ ഗതാഗതക്കുരുക്കുള്ളപ്പോഴെല്ലാം ഫുട്പാത്തിൽ കയറി ഇരുചക്രവാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. നേരത്തേ വാഹനങ്ങൾ കയറാതിരിക്കാൻ മുട്ടറ്റം ഉയരമുള്ള കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും മനുഷ്യാവകാശ കമീഷൻ ഭിന്നശേഷിക്കാർക്ക് ചക്രക്കസേരകളും മറ്റും കൊണ്ടുപോവാൻ സൗകര്യമൊരുക്കണമെന്ന് നിർദേശിച്ചതോടെ ചില കോൺക്രീറ്റ് കാലുകൾ മാറ്റേണ്ടിവന്നു. ഇടയിലെ കോൺക്രീറ്റ് കാലുകളിലോരോന്ന് എടുത്തുമാറ്റിയതോടെയാണ് ഇരുചക്ര വാഹനങ്ങൾക്ക് സുഖമമായി ഫുട്പാത്ത് കൈയേറാമെന്ന അവസ്ഥ വന്നത്.
വാഹനങ്ങൾ സ്ഥിരമായി കയറിയിറങ്ങുന്നത് ഫുട്പാത്തിൽ ഓടയുടെ അടപ്പുകളുടെ ബലം കുറക്കാനിടയാക്കുന്നു. കെ.എസ്.അർ.ടി.സി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തെ ഓടയുടെ അടപ്പ് മുഴുവനുമാണ് അകത്തേക്ക് പോയത്. ദിവസവും ആയിരങ്ങൾ കടന്നുപോവുന്ന ഭാഗമാണിത്. ഇനിയൊരു ബസ് കയറിയാൽ ഓടയിലേക്ക് മൂക്കുകുത്തുമെന്ന അവസ്ഥയിലാണ് ഇരുമ്പ് പൈപ്പുകളിൽ സ്ഥാപിച്ച താൽക്കാലിക അടപ്പിന്റെ നിൽപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.