മാവൂർ റോഡ് വൈദ്യുതി ശ്മശാനം വീണ്ടും തുറന്നു
text_fieldsകോഴിക്കോട്: ഡിസംബറിൽ കേടായതിനാൽ അടച്ചിട്ട മാവൂർ റോഡ് വൈദ്യുതി ശ്മശാനം അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തന സജ്ജമായി. ശ്മശാനത്തിന്റെ മൊത്തം ആധുനികവത്ക്കരണം പൂർത്തിയാക്കി മേയിൽ തുറക്കാൻ കോർപറേഷൻ ശ്രമം നടത്തുന്നതിനിടെയാണ് വൈദ്യുതി ശ്മശാനം സജ്ജമായത്.
കഴിഞ്ഞ ഡിസംബർ പത്തിനായിരുന്നു മാവൂർ റോഡിലെ വൈദ്യുതി ശ്മശാനം കേടായത്. ചെന്നെയിൽ നിന്നുള്ള കമ്പനി അധികൃതരെത്തിയാണ് നന്നാക്കിയത്. മൃതദേഹം വെക്കുന്ന കാസ്റ്റ് അയൺ തട്ടടക്കമുള്ളവ കാലപ്പഴക്കവും ചൂടും കാരണം പൊളിഞ്ഞിരുന്നു. വ്യാഴാഴ്ച നന്നാക്കൽ പൂർത്തിയായെങ്കിലും മാസങ്ങളായി അടച്ചിട്ടതിനാൽ മൃതദേഹം എത്തിത്തുടങ്ങിയിട്ടില്ല.
വൈദ്യുതി, ഗ്യാസ് ശ്മശാനങ്ങളിൽ ദിവസം മൂന്നു സംസ്കാരം വരെ നടത്തിയിരുന്നു. ഒരു മൃതദേഹം ദഹിപ്പിച്ചു തീരാൻ രണ്ട് മണിക്കൂർ സമയമെടുക്കും. മാവൂർ റോഡിൽ ദഹിപ്പിക്കൽ നിലച്ചതിനാൽ വെസ്റ്റ്ഹിൽ ശ്മശാനത്തിലേക്കാണ് മൃതദേഹം എത്തിച്ചിരുന്നത്.
ശ്മശാനത്തിൽ ഔദ്യോഗിക ഫോൺ നമ്പറില്ലാത്തതിനാൽ ഇപ്പോൾ ജീവനക്കാരന്റെ 9567594623 എന്ന നമ്പറാണ് പൊതു ജനങ്ങൾക്കായി കൊടുക്കുന്നത്.
2020 ഒക്ടോബറിൽ തുടങ്ങിയ നവീകരണമാണ് മാവൂർ റോഡ് ശ്മശാനത്തിൽ നീണ്ടു പോവുന്നത്. എ. പ്രദീപ് കുമാർ എം.എൽ.എ.യുടെയും കോർപറേഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് നവീകരണം.
ഗ്യാസ് ചേംബറുകൾ, പരമ്പരാഗത ചൂള, ഹാൾ, പ്രാർഥനക്കും മറ്റുമുള്ള സൗകര്യം എന്നിവയെല്ലാം ഉൾപ്പെടുന്ന രീതിയിലാണ് പണി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. നഗരസഭ ആഭിമുഖ്യത്തിൽ 4.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
2019 മാർച്ചിൽ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ നിർവഹിച്ചെങ്കിലും പണി തുടങ്ങാനായില്ല. കരാർ നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ഒരു കൊല്ലം പണി മുടങ്ങാൻ കാരണമായി. ശ്മശാനത്തിൽ പരമ്പരാഗത സംസ്ക്കരണം നിർത്തിയപ്പോഴുള്ള പ്രതിഷേധങ്ങളും കോവിഡ് നിയന്ത്രണങ്ങളും വെള്ളപ്പൊക്കവുമെല്ലാം പണിനീളാൻ കാരണമായി പറയുന്നു. ശ്മശാനത്തിനായുള്ള 5250 ചതുരശ്ര അടി കെട്ടിടത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അനുബന്ധ ജോലികളാണ് ഇനി നടക്കാനുള്ളത്. ഇലക്ട്രിക് ശ്മശാനം മാത്രം നിലനിർത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ് പണി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.