പ്രതീക്ഷക്കൊത്തുയരാതെ മാവൂർ റോഡ് ലൈബ്രറി
text_fieldsകോഴിക്കോട്: നഗര ഹൃദയമായ മാവൂർ റോഡിൽ പുതിയ ലൈബ്രറി കെട്ടിടം തുറന്ന് ആറു കൊല്ലം കഴിഞ്ഞിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് പരാതി.
മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് തൊട്ട് എതിർവശത്താണ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പുതിയ ലൈബ്രറി കെട്ടിടം തുടങ്ങിയത്. ശ്രീനാരായണ പരമഹംസ സ്മാരക ലൈബ്രറിയുടെ ചുരുക്കമായ എസ്.എൻ.പി.എസ് ലൈബ്രറി എന്ന ബോർഡും മനോഹരമായ കെട്ടിടവുമെല്ലാമുണ്ടെങ്കിലും നഗരത്തിൽ ഇങ്ങനെയൊരു ലൈബ്രറിയുണ്ടെന്ന കാര്യം പലർക്കുമറിയില്ല.
വൈകീട്ട് അഞ്ചിനും ഏഴിനുമിടയിലാണ് ലൈബ്രറി ഇപ്പോൾ പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തകങ്ങളും നോക്കിനടത്താൻ ആളുമെല്ലാമുണ്ടെങ്കിലും ഉദ്ഘാടന സമയത്തുണ്ടായ പ്രതീക്ഷക്കൊത്തുയരാൻ വായനശാലക്ക് കഴിഞ്ഞില്ല. നേരത്തേയുള്ള പഴയ ലൈബ്രറിയുടെ സ്ഥലത്ത് ലൈബ്രറി കൗൺസിൽ കെട്ടിടം ഉയരുകയായിരുന്നു.
2017 ഏപ്രിൽ 21ന് തറക്കല്ലിട്ട് കെട്ടിടം ഒരു കൊല്ലത്തിനകം മൂന്ന് നിലയിൽ 2018 ഒക്ടോബർ 26ന് തന്നെ പണി പൂർത്തിയായത് ഏറെ പ്രതീക്ഷയുയർത്തിയിരുന്നു. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എം.കെ. മുനീർ എം.എൽ.എയാണ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. നഗരമധ്യത്തിലുള്ള ലൈബ്രറി വലിയ പ്രാധാന്യം നേടുമെന്ന് അന്ന് പ്രതീക്ഷയുയർന്നിരുന്നു.
ഏറെക്കാലം അവഗണനയിൽ കിടക്കുകയായിരുന്ന മാവൂർ റോഡിലെ ലൈബ്രറി കൗൺസിൽ സ്ഥലത്താണ് പുതിയ സമുച്ചയം നിർമിച്ചത്. മൊത്തം ഒരു കോടിയോളം ചെലവിൽ ആകർഷകമായ രീതിയിലാണ് കെട്ടിടം പണി പൂർത്തിയായത്. തിരക്കേറിയ മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നവർക്കും മറ്റും ഏറെ പ്രയോജനമാവുമെന്ന് കരുതിയ എസ്.എൻ.പി.എസ്.എസ് ലൈബ്രറി, സാഹിത്യകൂട്ടായ്മകളുടെ നഗരത്തിന് പുതിയ മുഖച്ഛായ നൽകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, യുനെസ്കോയുടെ സാഹിത്യ നഗരം പദവി കിട്ടിയ കോഴിക്കോടിന്റെ പ്രധാന വായനശാലകളിലൊന്നാവാൻ എസ്.എൻ.പി.എസ് ലൈബ്രറിക്കായില്ല. മുഴുസമയം തുറക്കാത്തതും പൂർണമായി ആളുകളുടെ ശ്രദ്ധയിൽ പെടാത്തതുമെല്ലാം പ്രശ്നമാണ്. കെട്ടിടത്തിൽ അഞ്ച് കടകൾ താഴെ നിലകളിലുണ്ട്. ഒന്നാം നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
ശൗചാലയമടക്കം എല്ലാ സൗകര്യവും ലൈബ്രറിയിലുണ്ട്. ലൈബ്രറി കൗൺസിൽ ഓഫിസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റാൻ നീക്കമുണ്ടെങ്കിലും അവസാന നടപടിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.