ചെറൂപ്പ ആശുപത്രി ഭരണനിയന്ത്രണം ബ്ലോക്ക് പഞ്ചായത്തിന്
text_fieldsമാവൂർ: ചെറൂപ്പ സി.എച്ച്.സിയുടെ ഭരണനിയന്ത്രണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുനല്‍കി സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി ആർ. സുഭാഷാണ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ആശുപത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇരട്ട നിയന്ത്രണത്തിലായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് നിയോഗിക്കുന്ന ഓഫിസര്‍ ഇന്‍ ചാർജ് ഓഫ് അഡ്മിനിസ്ട്രേഷന് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഫണ്ടും ജീവനക്കാരെയും ലഭ്യമാക്കി വിനിയോഗിക്കാനും സാധിച്ചിരുന്നില്ല.
അതിനാൽ, രാത്രികാലങ്ങളില്‍ ഹൗസ് സര്ജന്മാരെ മാത്രം നിയോഗിച്ച് സി.എച്ച്.സിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തത്.
സിവില്‍ സര്‍ജനെ നിർവഹണ ഉദ്യോഗസ്ഥനായി നിയമിക്കാനും നിലവിലുള്ള തസ്തികകളിലെല്ലാം നിയമനം നടത്താനും ജോലി ക്രമീകരണ വ്യവസ്ഥയില്‍ മാറ്റി നിയമിക്കപ്പെട്ട ജീവനക്കാരെ തിരികെ നിയമിക്കാനും മന്ത്രിതല യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
രണ്ടാം വര്‍ഷ പി.ജി വിദ്യാർഥികളുടെയും ഹൗസ് സര്ജന്മാരുടെയും സേവനം കൂടുതലായി ചെറൂപ്പ സി.എച്ച്.സിയില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഗസ്റ്റ് ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് നിർദേശം നല്‍കിയതായി മന്ത്രി അറിയിച്ചിരുന്നതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു.
ആശുപത്രി ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ 56 ദിവസം നീണ്ട സമരം നടത്തിയിരുന്നു. തുടർന്നാണ് ആഗസ്റ്റ് ഏഴിന് മന്ത്രിതല യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.