ചെറൂപ്പ ആശുപത്രിയിൽ നിർവഹണ ഉദ്യോഗസ്ഥ നിയമനത്തിന് അനുമതി
text_fieldsമാവൂർ: മെഡിക്കൽ കോളജിന്റെ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന്ജില്ല കലക്ടർക്ക് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകി. ഇതുസംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജോ.സെക്രട്ടറി കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ നിർവഹണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ആറേക്കറോളം ഭൂമിയുണ്ടായിട്ടും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയായിരുന്നു ആശുപത്രി. ദിനേന ഒ.പിയിൽ മാത്രം 700ലധികം രോഗികൾ ചികിത്സ തേടുന്നുണ്ട്. ഭരണം മെഡിക്കൽ കോളജിനും സൗകര്യമൊരുക്കേണ്ട ചുമതല ബ്ലോക്ക് പഞ്ചായത്തിനുമായിരുന്നു. ഇത്തരത്തിലുള്ള രണ്ടു മാനേജ്മെന്റ് എന്ന പ്രശ്നമാണ് വളർച്ചക്ക് വിഘാതമായത്.
കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഫണ്ടുപയോഗിച്ച് കെട്ടിടം പണിതിരുന്നു. എന്നാൽ, മറ്റൊരു മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനത്തിന് ഫണ്ടനുവദിച്ചതിനെതിരെ ഓഡിറ്റ് ഒബ്ജക്ഷൻ വന്നതോടെ ബ്ലോക്ക് പഞ്ചായത്തും കൈവിട്ട പോലെയായി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. നിർവഹണ ഉദ്യോഗസ്ഥനില്ലാത്തതിനാൽ ലക്ഷങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പാഴാകുന്ന അവസ്ഥയുമുണ്ടായി.
സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫിസറാണ് ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥൻ. എന്നാൽ, മാവൂരിൽ പ്രാഥിമകാരോഗ്യകേന്ദ്രമില്ലാത്തതിനാൽ ഈ ഫണ്ടുകളടക്കം പാഴാകുന്ന അവസ്ഥയായിരുന്നു.
മെഡിക്കൽ കോളജിന് കീഴിലായതിനാൽ ചെറൂപ്പ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർക്ക് നിർവഹണ ഉദ്യോഗസ്ഥനാകാൻ നിയമതടസ്സവുമുണ്ടായിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി ഉന്നത തലത്തിൽ പരാതികൾ നൽകുകയും ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ആരോഗ്യവകുപ്പിൽനിന്ന് അനുകൂല നടപടിയുണ്ടായത്.
ഡോക്ടറില്ല; അത്യാഹിത വിഭാഗം മുടങ്ങി
മാവൂർ: ചെറൂപ്പ ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ അത്യാഹിത വിഭാഗം പ്രവർത്തനം നിർത്തി. ഒ.പി സമയം കഴിഞ്ഞ് ആശുപത്രിയിലെത്തുന്നവർ തിരിച്ചുപോകുന്ന അവസ്ഥയാണ്. വൈകീട്ട് ആശുപത്രിയിലെത്തുന്നവരോട് ഒ.പി സമയത്തെത്താനാണ് നിർദേശിക്കുന്നത്. ‘ഡോക്ടറില്ലാത്തതിനാൽ ചികിത്സയില്ല’ എന്ന ബോർഡ് ആശുപത്രിക്കുമുന്നിൽ തൂക്കിയിട്ടുണ്ട്.
ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് സർജന്മാർ സമരം തുടങ്ങിയതോടെയാണ് അത്യാഹിത വിഭാഗം അടച്ചിട്ടത്. രാത്രി ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും മതിയായ സുരക്ഷയൊരുക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ് അത്യാഹിത വിഭാഗം മുടങ്ങിയത്.
ചെറൂപ്പ ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കാത്തതിനെതിരെയും ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.പി. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഇ.കെ. നിധീഷ്, പി.ടി. അബ്ദുൽ അസീസ്, പി.കെ. ശ്രീജിത്ത്, മുഷ്റഫ് പാറമ്മൽ, ഷൈമോൻ പാടത്തുംകണ്ടി, ഉണ്ണികൃഷ്ണൻ താത്താഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.