അഷിതയുടെ കണ്ണും കരളും വൃക്കയും നാലുപേർക്ക് ജീവിതമേകും
text_fieldsമാവൂർ: ജനങ്ങളുടെ ആരോഗ്യത്തിനായി ഓടിനടന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാവൂർ കുറ്റിക്കടവ് നടുക്കണ്ടി അഷിതയുടെ അവയവങ്ങൾ നാലുപേർക്ക് ജീവിതമേകും. കർമനിരതയും ഊർജസ്വലയുമായ ആരോഗ്യപ്രവർത്തകയുടെ കണ്ണും കരളും വൃക്കയും ഈ ആളുകളിൽ തുടിക്കും. ബുധനാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ച അഷിതയുടെ അഞ്ച് അവയവങ്ങളാണ് മറ്റുള്ളവർക്ക് നൽകിയത്.
രണ്ട് വൃക്കകളും രണ്ട് കണ്ണുകളും കരളുമാണ് ഇവരിൽനിന്നെടുത്ത് മറ്റുള്ളവർക്ക് വെച്ചുപിടിപ്പിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ ഒരു രോഗിക്കാണ് കരളും ഒരു വൃക്കയും ജീവിതമേകുക. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലുള്ള രോഗിക്കും നൽകി.
രണ്ട് കണ്ണുകൾ മെഡിക്കൽ കോളജിലെ നേതൃബാങ്കിനും നൽകിയിട്ടുണ്ട്. ഇത് രണ്ടുപേർക്ക് വെളിച്ചമേകും. വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അഷിതയെയും (49) അഡ്ഹോക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സഹപ്രവർത്തക അപർണയെയും (30) എതിരെവന്ന കാറിടിച്ച് വീഴ്ത്തിയത്.
രണ്ടുപേരും വാഴക്കാട് ഗവ. എച്ച്.എസ്.എസിലെ മഴക്കാല ശുചീകരണ പരിശോധന കഴിഞ്ഞ് റോഡരികിലൂടെ നടന്നുവരുമ്പോഴാണ് അപകടം. ഗുരുതര പരിക്കേറ്റ അഷിത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മസ്തിഷ്കമരണത്തിന് കീഴടങ്ങുന്നത്.
ബുധനാഴ്ച രാത്രി അവയവങ്ങൾ എടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ വാഴക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പൊതുദർശനത്തിനുവെച്ചൂ.
ഉച്ചക്ക് ഒന്നേകാലോടെ മാവൂർ കുറ്റിക്കടവിലെ വീട്ടിലെത്തിച്ച മൃതദേഹം രണ്ടുമണിക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. വീട്ടിൽ അന്തിമോപചാരമർപ്പിക്കാൻ വിവിധ തുറകളിൽനിന്നുള്ള വൻ ജനാവലി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.