മാവൂരിലെ കൊറ്റില്ലങ്ങളിൽ അരിവാൾ കൊക്കന് പ്രജനനം
text_fieldsമാവൂർ: സംസ്ഥാനത്ത് അപൂർവമായി പ്രജനനം നടത്തുന്ന അരിവാൾ കൊക്കൻ (ഓറിയൻ്റൽ ബ്ലാക്ക് ഐബിസ്) മാവൂരിൽ പ്രജനനത്തിനെത്തിയതായി കണ്ടെത്തി. ദേശാടനക്കിളികൾ ധാരാളം എത്തുന്ന മാവൂരിലെ തെങ്ങിലക്കടവ്-പള്ളിയോൾ നീർത്തടത്തിലാണ് അരിവാൾ കൊക്കൻ പ്രജനനം നടത്തിയതായി കണ്ടെത്തിയത്.
കേരളത്തിൽ നേരത്തെ രണ്ട് സ്ഥലങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നതായി റിപ്പോർട്ട് ചെയ്തത്. വയനാട്ടിലെ പനമരത്തും കോട്ടയത്തെ കുമരകത്തും പ്രജനനം നടത്തിയതായാണ് നേരത്തെ കണ്ടെത്തിയത്. മഴക്കാലത്താണ് ഇവ സാധാരണ കൂടുകൂട്ടി പ്രജനനം നടത്തുന്നത്. സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. അരിവാൾ കൊക്കൻ ഇനത്തിൽപെട്ട നൂറുകണക്കിന് പക്ഷികൾ ഇപ്പോൾ മാവൂരിലെ നീർത്തടത്തിൽ എത്തിയിട്ടുണ്ട്.
പ്രജനനം നടത്തുന്ന മരങ്ങൾ ഉൾപ്പെടുന്നതിനെ കൊറ്റില്ലങ്ങൾ എന്നാണ് പറയുന്നത്. ഇത്തരത്തിൽ നിരവധി കൊറ്റില്ലങ്ങളാണ് ഇവിടെയുള്ളത്. നീർത്തടത്തിന് നടുവിലുള്ള മരങ്ങളിലാണ് ഇവ കൊക്കു കുഞ്ഞുങ്ങൾ വിരിഞ്ഞത്. പക്ഷികൾ ഇണ ചേരലും കൂട് കൂട്ടലുമായി തിരക്കിലാണ്. രണ്ട് കൂടുകളിലാണ് കുഞ്ഞുങ്ങളുള്ളത്.
ചേരാക്കോഴി (ഡാർട്ടർ), ചായ മുണ്ടി (പർപ്പ്ൾ ഹെറൺ) എന്നിവ കഴിഞ്ഞ മാസങ്ങളിൽ ഇവിടെ പ്രജനനം നടത്തിയിരുന്നു. നീർകാക്കയെയും പാതിരാകൊക്കിനെയും കൊറ്റില്ലത്തിൽ കാണാറുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ജന്തു ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന സി.ടി. ശിഫയാണ് ഇവ പ്രജനനം നടത്തുന്നതായി കണ്ടെത്തിയത്.
സൗദി അറേബ്യയിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലെ സയന്റിസ്റ് ഡോ. കെ.എം. ആരിഫിൻ്റെയും കോടഞ്ചേരി ഗവ. കോളജ് അസി. പ്രഫസർ ഡോ.ജോബി രാജിൻ്റെയും കീഴിലാണ് ഗവേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.