ചെറൂപ്പ ആശുപത്രിയിൽ രണ്ടാം ദിവസവും ഉപരോധം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsമാവൂർ: ചെറൂപ്പ ആശുപത്രിയോടുള്ള അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് രണ്ടാം ദിവസവും ഉപരോധിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളുടെയും സർവകക്ഷികളുടെയും നേതൃത്വത്തിലായിരുന്നു രണ്ടാം ദിവസത്തെ ഉപരോധം. സമരക്കാരുടെ കണ്ണുവെട്ടിച്ച് ചില ജീവനക്കാർ അകത്തുകയറി ഒ.പി ചീട്ട് നൽകാൻ ശ്രമിച്ചത് വാഗ്വാദത്തിനിടയായി. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ചത്തെ ഉപരോധം. രണ്ടാംദിവസവും ജീവനക്കാരെ ഓഫിസിനകത്ത് കയറാൻ അനുവദിച്ചില്ല. ഉപരോധം വൈകുന്നേരം വരെ നീണ്ടു. ഉപരോധം തുടരാനാണ് തീരുമാനം.
ആശുപത്രിയിൽ 24 മണിക്കൂർ സേവനം ഉറപ്പുവരുത്തുക, ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗതീരുമാനങ്ങൾ നടപ്പാക്കുക, കിടത്തി ചികിത്സ യൂനിറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം. ഉപരോധ സമരം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മാധവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും മാനേജ്മെൻറ് കമ്മിറ്റി അംഗവുമായ ടി. രഞ്ജിത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഫാത്തിമ ഉണിക്കൂർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
മാവൂർ: ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ല കലക്ടറും ജില്ല മെഡിക്കൽ ഓഫിസറും 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
നാലു ഡോക്ടർമാരുടെ സഹായത്തോടെ മുഴുവൻ സമയം പ്രവർത്തിച്ച ആശുപത്രി നിലവിൽ ഉച്ചക്ക് ഒ.പി കഴിയുന്നതോടെ പൂട്ടുന്ന സ്ഥിതിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഹെൽത്ത് യൂനിറ്റായ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ജില്ല മെഡിക്കൽ ഓഫിസർക്കുമാണ്. കോഴിക്കോട്-മാവൂർ റോഡിൽ ആറേക്കറിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നേരത്തേ പ്രസവ ശസ്ത്രക്രിയ വരെ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.