ചെറൂപ്പ ആശുപത്രി: സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി, പന്തൽ പൊളിച്ചുമാറ്റി
text_fieldsമാവൂർ: മെഡിക്കൽ കോളജിന്റെ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ സമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ആശുപത്രി ഭരണവിഭാഗം ഓഫിസിനുമുന്നിലെ ഉപരോധ സമരപ്പന്തൽ പൊലീസ് പൊളിച്ചുമാറ്റുകയും ചെയ്തു. മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനന്റെ നേതൃത്വത്തിൽ മാവൂർ, മെഡിക്കൽ കോളജ്, കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽനിന്നെത്തിയ വൻ സന്നാഹം ഉപയോഗിച്ചായിരുന്നു ബുധനാഴ്ച രാവിലെ 11ഓടെ നടപടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത്, നേതാക്കളായ വി.എസ്. രഞ്ജിത്, എൻ.പി. അഹമ്മദ്, എ.കെ. മുഹമ്മദലി, കെ.എം. ഷമീർ, കെ.സി. വത്സരാജ്, കെ. സജീവൻ, യു.എ. ഗഫൂർ ഉൾപ്പെടെ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഉപരോധസമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തശേഷം അഭിവാദ്യമർപ്പിച്ച് കെ.എം. ഷമീർ സംസാരിച്ചുതുടങ്ങിയപ്പോഴാണ് അറസ്റ്റ്. തുടർന്ന് സമരപ്പന്തൽ പൊളിച്ചുമാറ്റിയശേഷം പൊലീസ് സാന്നിധ്യത്തിൽ ഭരണവിഭാഗം ഓഫിസ് തുറന്നുകൊടുക്കുകയും ചെയ്തു.
കിടത്തിച്ചികിത്സയും കാഷ്വാലിറ്റിയും പുനരാരംഭിക്കുക, 24 മണിക്കൂർ സേവനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂൺ 13 മുതലാണ് ആശുപത്രിയുടെ ഭരണവിഭാഗം ഓഫിസ് ഉപരോധിച്ച് സമരം തുടങ്ങിയത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തുടങ്ങിയ സമരം പിന്നീട് സംയുക്ത സമരസമിതി ഏറ്റെടുക്കുകയായിരുന്നു. 44 ദിവസമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ എം.സി.എച്ച് പ്രിൻസിപ്പൽ ഓഫിസ് മാർച്ച്, കരിദിനം, മനുഷ്യ ശൃംഖല എന്നിവ നടത്തിയിരുന്നു.
ഉപരോധത്തെത്തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ, ജെ.എച്ച്.ഐമാർ, ഭരണവിഭാഗം ജീവനക്കാർ തുടങ്ങിയവർക്ക് ഓഫിസിൽ കയറാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മുതൽ ജീവനക്കാർ മെഡിക്കൽ കോളജിൽ ചെന്നാണ് ഡ്യൂട്ടി ചെയ്യുന്നത്.
സമരപ്പന്തൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചവരെയുമായി മാവൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. വ്യാഴാഴ്ച മുതൽ സമരം ശക്തമാക്കുമെന്നും ആശുപത്രി കവാടത്തിൽ സത്യഗ്രഹസമരം തുടങ്ങുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.