ബസ് ജീവനക്കാരുടെ ഏറ്റുമുട്ടൽ പതിവ്; പൊറുതിമുട്ടി യാത്രക്കാർ
text_fieldsമാവൂർ: സമയത്തെച്ചൊല്ലിയും മറ്റും സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റവും തെറിവിളിയും ഏറ്റുമുട്ടലും പതിവാകുന്നു. മാവൂർ ബസ് സ്റ്റാൻഡിലാണ് സംഭവം ആവർത്തിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ഇതുകാരണം പൊറുതിമുട്ടുകയാണ്. അസഭ്യവർഷവും കേട്ടാലറക്കുന്ന തെറിവിളിയുമാണ് അസഹനീയം. വ്യാഴാഴ്ച വൈകീട്ട് 5.45ഓടെ മാവൂർ സ്റ്റാൻഡിൽ രൂക്ഷമായ സംഘട്ടനമാണ് നടന്നത്. യാത്രക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ ഉടുമുണ്ടുരിഞ്ഞ് വീണിട്ടും നിർത്താത്ത കൂട്ടത്തല്ലായിരുന്നു.
വിവരം അറിയിച്ചതനുസരിച്ച് മാവൂർ പൊലീസ് എത്തിയശേഷമാണ് അടങ്ങിയത്. മാവൂർ റൂട്ടിലോടുന്ന ഫാത്തിമാസ്, പൂളാസ് ബസുകാർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇതിൽ ഒരു ബസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ ബസ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു ബസുകാരുടെയും പരാതിയിൽ മാവൂർ പൊലീസ് വെള്ളിയാഴ്ച വൈകീട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആഴ്ചകൾക്കുമുമ്പ് എളമരത്തുവെച്ച് ഏറ്റുമുട്ടിയിരുന്നു. സംഘം ചേർന്നെത്തിയായിരുന്നു ആയുധങ്ങൾവരെ ഉപയോഗിച്ചുള്ള സംഘട്ടനം. മാവൂർ ബസ് സ്റ്റാൻഡിൽ ഉണ്ടായ സംഘർഷങ്ങളുടെ നിരവധി കേസുകളാണ് മാവൂർ സ്റ്റേഷനിലുള്ളത്. ദിവസങ്ങളോളം ബസ് കസ്റ്റഡിയിൽവെച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രാത്രിയിൽ ബസ് എറിഞ്ഞുതകർക്കുന്ന സംഭവങ്ങളും ജീവനക്കാരുടെ തർക്കത്തിന്റെ ഫലമായുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.