ഗാരേജ് നിർമാണം പൂർത്തിയായി; ഓഫിസ് കെട്ടിടം സജ്ജമായാലുടൻ മാവൂരിൽ അഗ്നിരക്ഷാനിലയം
text_fieldsമാവൂർ: മാവൂരിലെ നിർദിഷ്ട അഗ്നിരക്ഷാനിലയത്തിന് വേണ്ടി കൂളിമാട് റോഡിൽ ഹെൽത്ത് സെന്ററിന് സമീപം ഗാരേജ് നിർമാണം പൂർത്തിയായി. ഫ്രണ്ട് ഓഫിസ്, സ്റ്റേഷൻ ഓഫിസർക്കുള്ള മുറി എന്നിവക്കുള്ള കെട്ടിടം, ജലസംഭരണി എന്നിവ ഒരുക്കുകയും വയറിങ്, പ്ലംബിങ് ജോലികൾ പൂർത്തിയാക്കുകയും ചെയ്യുന്നതോടെ ഫയർ സ്റ്റേഷൻ യാഥാർഥ്യമാകും.
ഓഫിസിനായി താൽക്കാലിക കെട്ടിടമാണ് ഒരുക്കുക. മേൽക്കൂരയും റൂം വിഭജനവും ഷീറ്റ് ഉപയോഗിച്ചായിരിക്കും നിർമിക്കുക. ഈ പ്രവൃത്തികൾ എത്രയും പെട്ടെന്ന് തീർത്ത് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കാനാണ് ഉന്നതതല തീരുമാനം. നിലവിലുള്ള കെട്ടിടത്തിന് മുൻവശത്തായി ചെറുതടക്കം നാല് ഫയർ എൻജിനുകൾ നിർത്തിയിടാനുള്ള ഗാരേജാണ് ഒരുക്കിയത്.
ഇവിടെ നിലവിലുണ്ടായിരുന്നതും പിന്നീട് നവീകരിച്ചതുമായ കെട്ടിടം ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറിയായും സാധനസാമഗ്രികൾ സൂക്ഷിക്കാനുമാണ് ഉപയോഗിക്കുക. പി.ടി.എ. റഹീം എം.എൽ.എ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നിലവിലെ പ്രവൃത്തികൾ നടക്കുന്നത്.
ആദ്യം 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. മതിയാകില്ലെന്ന റിപ്പോർട്ടിനെ തുടർന്ന് രണ്ട് തവണയായി 20 ലക്ഷംകൂടി അനുവദിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി ഏകോപനസമിതി മാവൂർ യൂനിറ്റിന്റെയും ഫണ്ടുകളും ഉപയോഗിച്ചിരുന്നു.
10 അഗ്നിരക്ഷാനിലയങ്ങളാണ് സംസ്ഥാനത്ത് പുതുതായി തുടങ്ങാൻ നിർദേശിച്ചിരുന്നത്. ഇതിൽ ആറെണ്ണവും പ്രവർത്തനമാരംഭിച്ചു. ഇനി ശേഷിക്കുന്ന നാലെണ്ണത്തിൽ ഒന്നാണ് മാവൂരിലേത്. മാവൂരിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. 2021 ഫെബ്രുവരി 18ലെ ആഭ്യന്തരവകുപ്പ് ഉത്തരവുപ്രകാരമാണ് മാവൂരിൽ സ്റ്റേഷന് അനുമതി ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.