എളമരം പാലം തുറന്ന് അഞ്ചു മാസമായിട്ടും; ബസ് റൂട്ടായില്ല
text_fieldsമാവൂർ: ചാലിയാറിന് കുറുകെ എളമരം കടവിൽ പാലം യാഥാർഥ്യമായി മാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാതെ അധികൃതർ. ഉദ്ഘാടനത്തിന് മുമ്പുതന്നെ നിരവധി സ്വകാര്യ ബസുടമകൾ റൂട്ടിന് അപേക്ഷിച്ചെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല.
ഇതുസംബന്ധിച്ച അപേക്ഷകൾ കോഴിക്കോട്, മലപ്പുറം ആർ.ടി ഓഫിസുകളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. മേയ് 23നാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലം തുറന്നുകൊടുക്കുന്നതോടെ ആർ.ടി.ഒ യോഗം ചേർന്ന് ബസ് റൂട്ടുകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്ന നാട്ടുകാരും ബസുടമകളും.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യോഗം ചേരാനോ തീരുമാനം എടുക്കാനോ നീക്കമില്ലാത്തതിൽ യാത്രക്കാർ ദുരിതത്തിലാണ്. പാലം വഴി കൊണ്ടോട്ടി, എടവണ്ണപ്പാറ, മാവൂർ, കോഴിക്കോട്, താമരശ്ശേരി, കൊടുവള്ളി, മുക്കം തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് നിരവധി സ്വകാര്യ ബസുകൾ പെർമിറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സ്വന്തം വാഹനമില്ലാത്തവർക്ക് പാലത്തിന്റെ അപ്പുറവും ഇപ്പുറവുമെത്താൻ പാലത്തിലൂടെ 400 മീറ്റർ നടക്കണം. ഉച്ചസമയത്ത് പൊരിവെയിലത്താണ് പാലം താണ്ടുന്നത്. ബോട്ട് സർവിസ് ഉള്ള കാലത്ത് നടത്തം 50 മീറ്ററിലൊതുങ്ങുമായിരുന്നു.
പാലത്തിന്റെ രണ്ടു വശങ്ങളിൽ എളമരം അങ്ങാടിയിലോ മാവൂർ-കൂളിമാട് റോഡിലോ എത്തിയാൽ മാത്രമേ ബസ് ലഭിക്കൂ. അതുതന്നെ മണിക്കൂറുകൾ കാത്തിരിക്കണം. എടവണ്ണപ്പാറയിലോ മാവൂർ അങ്ങാടിയിലോ എത്തിയാൽ മാത്രമേ പെട്ടെന്ന് ബസ് കിട്ടൂ.
മെഡിക്കൽ കോളജ്, കെ.എം.സി.ടി, എം.വി.ആർ കാൻസർ സെന്റർ, ശാന്തി ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികൾ, എൻ.ഐ.ടി, എം.എ.എം.ഒ, ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ്, ഹൈസ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവരാണ് നിത്യേന ദുരിതം അനുഭവിക്കുന്നത്.
പാലം വഴി ബസ് സർവിസ് തുടങ്ങണമെന്നും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗതാഗതമന്ത്രി, ജില്ല കലക്ടർമാർ, കോഴിക്കോട്-മലപ്പുറം ആർ.ടി.ഒമാർ, കെ.എസ്.ആർ.ടി.സി ഡി.ടി.ഒമാർ എന്നിവർക്ക് ഭീമഹരജി നൽകിയതാണ്.
എന്നാൽ നടപടിയുണ്ടായിട്ടില്ല. ചാത്തമംഗലം പഞ്ചായത്ത് അനുവദിച്ച ഗ്രാമവണ്ടി മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്. അതുതന്നെ ദിവസം ഒരു സർവിസാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.