വീണ്ടും കാൽപന്ത് കളിയാരവം; മാവൂരിൽ ജവഹർ അഖിലേന്ത്യ സെവൻസിന് ഇന്ന് കിക്കോഫ്
text_fieldsമാവൂർ: ഗാലക്സി ഗ്രൂപ്പിന്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന 12ാമത് കെ.ടി. ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വെള്ളിയാഴ്ച കൽപള്ളിയിൽ തുടക്കമാകും. ഒരു മാസക്കാലം നീളുന്ന ടൂർണമെന്റിൽ 24 ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൽപള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കെ.ആർ.എസ് കോഴിക്കോട് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിടും. 6000 പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 ന് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഇസ്സ ഗ്രൂപ് ചെയർമാനും ജീവകാരുണ്യപ്രവർത്തകനുമായ ഇസ്സ മുഹമ്മദ് മുഖ്യാതിഥിയാകും. നൈജീരിയ, ഘാന, ഐവറി കോസ്റ്റ്, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും. നിർധനരായ 18 വൃക്കരോഗികൾക്ക് ധനസഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എല്ലാ ദിവസവും രാത്രി എട്ടിനാണ് കിക്കോഫ്. വാർത്തസമ്മേളനത്തിൽ ചെയർമാൻ എം.പി. വിച്ചാവ, കൺവീനർ അഡ്വ. ഷമീം പക്സാൻ, സലാമുട്ടി കുതിരാടം, ഹബീബ്, ജാബിർ, റിയാസ്, കെ.ടി. അഹമ്മദ് കുട്ടി, പി.എം. ഹമീദ്, ടി.എം. ഷാജഹാൻ, പരപ്പൻ ബഷീർ, പി. സാദത്ത്, കെ.ടി. ഷമീർ ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.