കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കി കൈത്തൂട്ടിമുക്ക് ജുമാമസ്ജിദ്
text_fieldsമാവൂർ: കോവിഡ് ആൻറിജൻ പരിശോധന നടത്താൻ ആരോഗ്യവകുപ്പിന് എല്ലാ സജ്ജീകരണങ്ങളോടുംകൂടി ജുമാമസ്ജിദ് തുറന്നുകൊടുത്ത് മഹല്ല് കമ്മറ്റിയുടെ മാതൃക. അരയങ്കോട് കൈത്തൂട്ടിമുക്ക് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയാണ് മാതൃക കാണിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുതിരാടം ഭാഗത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മരിച്ച വ്യക്തിയും കുടുംബങ്ങളുമായി സമ്പർക്കത്തിലുള്ള കുതിരാടം, കൈത്തൂട്ടിമുക്ക് പ്രദേശങ്ങളിലെ 130 പേർക്കാണ് പരിശോധന നടത്തിയത്. മാവൂർ, ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു.
പരിശോധനക്ക് ആദ്യം അരയങ്കോട് എ.എൽ.പി സ്കൂളായിരുന്നു പരിഗണിച്ചിരുന്നത്. ഇവിടെ അസൗകര്യമാണെന്ന് മനസ്സിലാക്കിയതോടെ മാവൂർ സബ് സെൻററിലേക്ക് മാറ്റി. എന്നാൽ, ഇത്രയും ആളുകളെ ഇവിടേക്ക് എത്തിക്കാനുള്ള പ്രയാസം ബോധ്യപ്പെട്ടപ്പോൾ മസ്ജിദ് കമ്മിറ്റി സന്നദ്ധത അറിയിക്കുകയായിരുന്നു. രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചക്ക് ഒന്നോടെയാണ് തീർന്നത്. പരിശോധനയിൽ മാവൂർ, പെരുവയൽ ഗ്രാമപഞ്ചായത്തുകളിലെ രണ്ടു പേർക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ ടി. അബ്ദുൽ മജീദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം. പ്രവീൺ കുമാർ, പി. സുരേഷ് കുമാർ, ജെ.പി.എച്ച്.എൻ രജിത, ബീന, ആർ.ആർ.ടി അംഗങ്ങളായ എ.കെ. ശറഫുദ്ദീൻ, മുഹമ്മദ് പെരിക്കാകോട്ട്, പി. ചന്ദ്രൻ, പി. മനോഹരൻ, മസ്‌ജിദ് കമ്മിറ്റി അംഗങ്ങളായ പി.പി. അബ്ദുറഹ്മാൻ, എ.കെ. റാസിഖ് എന്നിവർ നേതൃത്വം നൽകി. മാവൂർ, പെരുമണ്ണ, പെരുവയൽ ഗ്രാമപഞ്ചായത്തുകളിലെ 100 പേർക്ക് ബുധനാഴ്ച മാവൂർ സബ് സെൻററിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.