മാവൂർ അഗ്നിരക്ഷ നിലയം: താൽക്കാലിക കെട്ടിടത്തിൽ സൗകര്യമൊരുക്കാൻ ടെൻഡറായി
text_fieldsമാവൂർ: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം മാവൂരിൽ ഫയർ സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. കൂളിമാട് റോഡിൽ ഹെൽത്ത് സെന്ററിന് സമീപമുള്ള കെട്ടിടത്തിൽ ശേഷിക്കുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിന് ടെൻഡർ നടപടി പൂർത്തിയായി. അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് കരാർ നൽകിയത്. ബാത്ത്റൂം സൗകര്യം, വിശ്രമമുറി, ജലസംഭരണി, എൻജിനുകൾ പാർക്ക് ചെയ്യാനുള്ള ഗാരേജ് തുടങ്ങിയവയാണ് ഇനി ഒരുക്കേണ്ടത്.
രണ്ട് ചെറുതടക്കം നാല് ഫയർ എൻജിനുകൾ നിർത്തിയിടാനുള്ള ഗാരേജാണ് ഒരുക്കേണ്ടത്. ഏപ്രിൽ ആദ്യത്തിൽതന്നെ പ്രവൃത്തി തുടങ്ങുമെന്നാണ് അറിയുന്നത്. സൗകര്യമൊരുക്കി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാനാവും.
2017ലെ ബജറ്റിൽ സംസ്ഥാനത്ത് അഞ്ച് ഫയർ സ്റ്റേഷൻ അനുവദിച്ചതോടെയാണ് ഫയർ സ്റ്റേഷനുള്ള മാവൂരിന്റെ കാത്തിരിപ്പ് തുടങ്ങുന്നത്. എന്നാൽ, ബജറ്റ് രേഖയിലെ പാകപ്പിഴമൂലം യാഥാർഥ്യമായില്ല. ഇതിനിടെ, കൂളിമാട് റോഡിലെ നിലവിലുള്ള കെട്ടിടത്തിൽ വ്യാപാരികളുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ സൗകര്യം ഒരുക്കി തുടങ്ങിയിരുന്നു. എന്നാൽ, പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് സർക്കാർ തയാറാക്കിയ മുൻഗണന ലിസ്റ്റിൽ ജില്ലയിൽ ഒന്നാമതായി മാവൂരിനെ നേരത്തേ ഉൾപ്പെടുത്തുകയായിരുന്നു.
2021 ഫെബ്രുവരി 18ലെ 51/20201 ആഭ്യന്തരം ഉത്തരവുപ്രകാരമാണ് മാവൂരിൽ ഫയർ സ്റ്റേഷന് അനുമതി ലഭിക്കുന്നത്. താല്‍ക്കാലികമായി സൗകര്യപ്രദമായ കെട്ടിടം ലഭിച്ചാല്‍ മാവൂരിന് അനുവദിച്ച ഫയര്‍ സ്റ്റേഷൻ ഉടൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂണിൽ നിയമസഭയെ അറിയിച്ചിരുന്നു.
തുടർന്നാണ് എം.എൽ.എ ആദ്യം 10 ലക്ഷം രൂപ അനുവദിക്കുന്നത്. ഇതു മതിയാകില്ലെന്ന റിപ്പോർട്ടിനെതുടർന്ന് 10 ലക്ഷംകൂടി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.