മാവൂർ പഞ്ചായത്ത്; അംഗത്തിനെതിരെ പാസാക്കിയ പ്രമേയം റദ്ദാക്കിയ ഉത്തരവിന് ഹൈകോടതി സ്റ്റേ
text_fieldsമാവൂർ: ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ ഭരണ സമിതി പാസാക്കിയ പ്രമേയം റദ്ദ് ചെയ്തുള്ള സർക്കാർ ഉത്തരവിന് സ്റ്റേ അനുവദിച്ചുകിട്ടിയതായി പ്രസിഡന്റ് ടി. രഞ്ജിത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉത്തരവിനെ ചോദ്യംചെയ്ത് പ്രസിഡന്റ് ഹൈകോടതിയെ സമീപിച്ചതിനെതുടർന്ന് നവംബർ 14നാണ് സ്റ്റേ അനുവദിച്ചത്. 2021 നവംബർ 27നാണ് 15ാം വാർഡ് അംഗം കെ. ഉണ്ണികൃഷ്ണനെതിരെ ഭരണസമിതി പ്രമേയം പാസാക്കിയത്. കെ.എം. അപ്പുക്കുഞ്ഞൻ അവതരിപ്പിച്ച പ്രമേയത്തെ എം.പി. കരീം പിന്താങ്ങുകയായിരുന്നു.
എന്നാൽ, പ്രമേയം അസാധുവാക്കിയും ഭരണസമിതിയിലെ അംഗങ്ങൾക്ക് കിലയിൽ 15 ദിവസത്തെ നിർബന്ധിത പരിശീലനം വിധിച്ചും ജൂൺ 15ന് തദ്ദേശസ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് ഹൈകോടതിയെ സമീപിക്കുകയും കോടതി മൂന്നു മാസത്തെ സ്റ്റേ അനുവദിക്കുകയും ചെയ്തതാണ്.
എന്നാൽ, ഈ വിധിയെ മാനിക്കാതെ സർക്കാർ ഒക്ടോബർ 22ന്റെ ഉത്തരവിലൂടെ ഓംബുഡ്സ്മാൻ ഉത്തരവ് ശരിവെക്കുകയും പ്രമേയം റദ്ദ് ചെയ്യുകയും ചെയ്തു. അംഗങ്ങൾക്ക് നിർബന്ധിത പരിശീലനവും ഉത്തരവിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ഹൈകോടതി സ്റ്റേ ചെയ്തത്.
വിഷയത്തിൽ രാഷ്ട്രീയപ്രേരിതമായാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. അനധികൃത മണൽ തോണികൾ പിടിച്ചെടുത്തപ്പോൾ അംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രമേയം.
പ്രസ്തുത പ്രമേയത്തിൽ വ്യക്തിപരമായ ആക്ഷേപങ്ങളൊന്നും ഉന്നിയിച്ചിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന പഞ്ചായത്തിന്റെ കടമ നിറവേറ്റുക മാത്രമാണ് ഭരണസമിതി ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറക്കുകയും അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന സർക്കാർ, പ്രമേയം റദ്ദ് ചെയ്യാനും കൃത്യനിർവഹണത്തിന് മുന്നിട്ടിറങ്ങിയ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ ശിക്ഷിക്കാനും തിടുക്കം കാട്ടുകയായിരുന്നു.
വിഷയത്തിൽ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുന്നോട്ടുപോകുമെന്നും പ്രസിഡൻറ് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. അപ്പുക്കുഞ്ഞൻ, ടി.ടി. ഖാദർ, അംഗം പി. ഉമ്മർ മാസ്റ്റർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.