സ്റ്റേഷൻ വളപ്പ് കൃഷിയിടമാക്കി മാവൂർ പൊലീസ്
text_fieldsമാവൂർ: മാവൂർ സ്റ്റേഷൻ വളപ്പിൽ ഇനി വിവിധയിനം കൃഷികൾ വിളിയും. ‘കൃഷിയാവട്ടെ ലഹരി’ എന്ന സന്ദേശമുയർത്തിയാണ് സ്റ്റേഷൻ വളപ്പ് കൃഷിയിടമാക്കിയത്. സ്റ്റേഷന്റെ പിൻവശത്തെ ഒരു ഏക്കറിലധികം സ്ഥലം ഏറെക്കാലമായി കാടുപിടിച്ചുകിടക്കുകയായിരുന്നു. നേരത്തേയുണ്ടായിരുന്ന ക്വാർട്ടേഴ്സുകളും പൊളിച്ചതോടെ ഏറെ സ്ഥലം തരിശായിക്കിടക്കുന്നു. സ്റ്റേഷൻ വളപ്പ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വെട്ടിത്തെളിച്ചാണ് കൃഷിയോഗ്യമാക്കിയത്.
വിവിധ കാർഷിക വിളകളുടെ നടീൽ ഉദ്ഘാടനം മാവൂർ സി. ഐ കെ. വിനോദൻ നിർവഹിച്ചു. ഒന്നര ഏക്കറോളമുള്ള സ്റ്റേഷന്റെ 75 സെന്റോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ഇഞ്ചി, മഞ്ഞൾ, വാഴ, വിവിധയിനം പച്ചക്കറികൾ എന്നിവ കൃഷിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിൽ മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും എസ്.പി.സി കാഡറ്റുകളും പങ്കെടുത്തു.
മാവൂർ കൃഷിഓഫിസർ ഡോ. ദർശന ദിലീപ് മുഖ്യാതിഥിയായി. ജനമൈത്രി ബീറ്റ് ഓഫിസർമാരായ വിഗേഷ്, ദിലീപ് കുമാർ, എസ്.ഐമാരായ പുഷ്പേന്ദ്രൻ, ഹരിഹരൻ, എസ്.സി.പി.ഒ രാജേഷ്, പ്രമോദ്, സി.പി.ഒമാരായ ആബിദ്, ഷറഫലി, തൊഴിലുറപ്പ് അസി. എൻജിനീയർ ആഖിഫ് മുഹമ്മദ്, ഓവർസിയർമാരായ കെ.വി. മുനീർ, എ. ഷിജു, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.