മാവൂർ നീർത്തടത്തിൽ ദേശാടനക്കിളികൾ വീണ്ടും വിരുന്നെത്തി
text_fieldsമാവൂർ: തണ്ണീർത്തടങ്ങളിൽ വീണ്ടും ദേശാടനക്കിളികളുടെ ചിറകടി. മാവൂർ, വെള്ളലശ്ശേരി സങ്കേതം തണ്ണീർത്തടങ്ങളിലാണ് ദേശാടനക്കിളികൾ വിരുന്നെത്തിയത്. ഇത്തവണ വർണക്കൊക്കുകളും (painted stork) ധാരാളം എത്തിയിട്ടുണ്ട്. ആദ്യമായാണ് വർണക്കൊക്കുകൾ ഇവിടെ വിരുന്നെത്തുന്നതെന്ന് നിരീക്ഷകർ പറയുന്നു.
12 എണ്ണത്തെ വരെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു മീറ്ററോളം വലുപ്പമുള്ള വലിയ പക്ഷിയാണിത്. വന്യജീവി ഫോട്ടോഗ്രാഫറും കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് ഓഫിസറുമായ ടി.കെ. ഷമീർ കൊടിയത്തൂരാണ് ചിത്രങ്ങൾ പകർത്തിയത്. മാവൂര്‍-കോഴിക്കോട് മെയിൻ റോഡിന്റെ വശങ്ങളിലും പൈപ്പ് ലൈന്‍ റോഡിന്റെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന മാവൂർ തണ്ണീര്‍ത്തടത്തില്‍ നവംബർ മുതലാണ് ദേശാടനക്കിളികൾ എത്തുക. മാർച്ചോടെ തിരിച്ചുപോകും.
കൂടാതെ കന്യാസ്ത്രീ കൊക്കുകൾ (Woolly-Necked Stork), ചാരമുണ്ടി (Gray Heron) എന്നിവയും എത്തിയിട്ടുണ്ട്. കഷണ്ടി കൊക്ക് (Black Headed Ibis), ചേരാ കൊക്കൻ (Asian Openbill Stork), ചായമുണ്ടി (Purple Heron), നീലക്കോഴി, താമരക്കോഴി എന്നിവയെയും ഇവിടെ ധാരാളമായി കാണപ്പെടുന്നുണ്ട്. നീര്‍ത്തടത്തിലെ കുറ്റിച്ചെടികള്‍ക്കിടയിലും കണ്ടല്ക്കാട്ടിലുമാണ് കിളികൾ ചേക്കേറുന്നത്. തദ്ദേശീയ ദേശാടനക്കിളികളും മാവൂർ തണ്ണീർത്തടത്തിൽ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.