നിപ: ഉറവിടം വവ്വാൽ കടിച്ച അടക്കയാകാൻ സാധ്യതയെന്ന്
text_fieldsമാവൂർ: വവ്വാൽ കടിച്ച അടക്കയിൽനിന്നാകാം മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായതെന്ന് മെഡിക്കൽ കോളജിലെ സാംക്രമിക രോഗനിയന്ത്രണ സെൽ. കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസർമാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോർജ്, അസി. പ്രഫസർ ഡോ. ആർ.എസ്. രജസി, ഹെൽത്ത് ഇൻസ്പെക്ടർ ഡോ. സി.എം. അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച മുഹമ്മദ് ഹാഷിമിെൻറ വിട്ടിലും പരിസരത്തും നടത്തിയ സന്ദർശനത്തിനുശേഷം ഈ നിഗമനത്തിലെത്തിയത്. ഇവരുടെ വീട്ടുപരിസരത്ത് പറമ്പിലും നിരവധി കമുകുകളുണ്ട്. ഇവയുടെ ചുവട്ടിൽ വവ്വാൽ കടിച്ച അടക്കകൾ കണ്ടെത്തി. ഹാഷിമും പിതാവുമാണ് സാധാരണ അടക്കകൾ പെറുക്കാറുള്ളതെന്ന് പരിസരത്ത് അന്വേഷിച്ചപ്പോൾ വ്യക്തമായി. പരിസരത്ത് വവ്വാൽ വ്യാപകമാണെന്ന് ആരോഗ്യവകുപ്പിെൻറയും മൃഗസംരക്ഷണ വകുപ്പിെൻറയും പരിശോധനയിൽ കണ്ടെത്തിയതാണ്. അതിനാൽ, കൂടുതൽ സാധ്യത വവ്വാൽ കടിച്ച അടക്കയിൽനിന്നാകാമെന്നാണ് കരുതുന്നതെന്ന് സംഘാംഗങ്ങൾ അറിയിച്ചു.
നിപ: സാംക്രമിക രോഗനിയന്ത്രണ സെൽ അന്വേഷണം തുടങ്ങി
മാവൂർ: ചാത്തമംഗലം പാഴൂരിൽ 12കാരന് നിപ ബാധിക്കാനിടയായ സാഹചര്യത്തെപ്പറ്റി പഠിക്കാൻ സാംക്രമിക രോഗ നിയന്ത്രണ സെൽ അന്വേഷണം തുടങ്ങി. രോഗ ഉറവിടം അടക്കമുള്ള കാര്യങ്ങളാണ് പഠന വിധേയമാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പിന് കീഴിലുള്ള സാംക്രമിക രോഗനിയന്ത്രണ സെല്ലാണ് പഠനം നടത്തുന്നത്. ഇതിെൻറ ഭാഗമായി ഡോക്ടർമാർ, നിപ സ്ഥിരീകരിച്ച് മരിച്ച മുഹമ്മദ് ഹാഷിമിെൻറ വീട്ടിലും പരിസര വീടുകളിലും പരിശോധന നടത്തി. കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസർമാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോർജ്, അസിസ്റ്റൻറ് പ്രഫസർ ഡോ. ആർ.എസ്. രജസി, ഹെൽത്ത് ഇൻസ്പെക്ടർ ഡോ. സി.എം. അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്.
വീട്ടുപറമ്പിൽ വവ്വാലുകളുടെ സാന്നിധ്യത്തിന് ഇടയാക്കുന്ന കമുകും പഴങ്ങളും ഉള്ളതായി സംഘം വിലയിരുത്തി. തൊട്ടടുത്ത വീടുകളിലും എത്തി വിവരംതേടി.
അന്വേഷണം കാട്ടുപന്നിയിലേക്കും
മാവൂർ: നിപയുടെ ഉറവിട അന്വേഷണം ഊർജിതമാക്കി. ആരോഗ്യവകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിെൻറയും നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചാത്തമംഗലം പാഴൂരിൽ നിപ സ്ഥിരീകരിച്ചു മരിച്ച മുഹമ്മദ് ഹാഷിമിെൻറ വീട്ടിലെ ആടുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തുടക്കം. ആഴ്ചകൾക്കുമുമ്പ് ഇൗ വീട്ടിൽ ആട് ചത്തെന്ന തെറ്റായ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്.
എന്നാൽ, രണ്ടര മാസം മുമ്പ് 300 മീറ്റർ അകലെ ആട് ചത്തത് സ്ഥിരീകരിച്ചു. എങ്കിലും മൃഗസംരക്ഷണവകുപ്പ് വീട്ടിലെ ആടുകളുടെ രക്തവും സ്രവ സാമ്പ്ളുകളും, ഒരു കിലോമീറ്റർ പരിധിയിലെ 22 ആടുകളുടെയും രക്തസാമ്പ്ളും ശേഖരിച്ച് ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആടുകൾ വൈറസിെൻറ രണ്ടാംനിര വാഹകരായതിനാൽ ഉറവിടമാകാനുള്ള സാധ്യത വിരളമാണെന്നാണ് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. തുടർന്നാണ് പ്രദേശത്ത് വ്യാപകമായുള്ള വവ്വാലിലേക്കും കാട്ടുപന്നികളിലേക്കും അന്വേഷണം കേന്ദ്രീകരിക്കുന്നത്. ജീവനുള്ള വവ്വാലുകളെ പിടികൂടി സ്രവം ശേഖരിച്ചാൽ മാത്രമെ കൂടുതൽ വ്യക്തത ലഭിക്കൂ. എന്നാൽ ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽനിന്ന് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളെ പരിശോധനക്ക് അയച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ഇവയെ വെടിവെച്ചുകൊന്നിരുന്നു. കാട്ടുപന്നിയെ പിടികൂടി സ്രവം ശേഖരിക്കാൻ ശ്രമം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.