മാവൂർ പാടത്ത് 65 ഏക്കറിൽ നെൽകൃഷി
text_fieldsമാവൂർ: ചാലിയാറിനോടുചേർന്നുള്ള മാവൂർ പാടത്ത് 65 ഏക്കറോളം സ്ഥലത്ത് ഇനി നെല്ലു വിളയും. മാവൂർ പാടശേഖര സമിതിയുടെയും മാവൂർ കൃഷിഭവന്റെയും നേതൃത്വത്തിലാണ് മാവൂർ പാടത്ത് വൻതോതിൽ നെൽകൃഷിയൊരുക്കുന്നത്. നിലവിൽ മാവൂർ പാടത്ത് കുറച്ച് സ്ഥലങ്ങളിൽ നെല്ലും ശേഷിക്കുന്ന ഭാഗത്ത് വ്യാപകമായി വാഴയുമാണ് കൃഷി ചെയ്യുന്നത്.
ഇത്തവണ വാഴയുടെ അളവ് കുറച്ച് ആ ഭാഗത്തും നെല്ല് കൃഷി ചെയ്യാനാണ് പദ്ധതി. ചിങ്ങം ഒന്നിന് കർഷക ദിനത്തിലാണ് മാവൂർ പാടത്ത് നെൽകൃഷി പദ്ധതിക്ക് തുടക്കമിട്ടത്. മൂന്ന് ഘട്ടങ്ങളിലായാണ് 65 ഏക്കറിൽ കൃഷിയിറക്കുക.
ഒന്നാം ഘട്ടത്തിൽ 25 ഓളം കർഷകരുടെ നേതൃത്വത്തിൽ 25 ഏക്കറിലും രണ്ടാം ഘട്ടത്തിൽ ഒരു മാസത്തിനകം 15 ഏക്കറിലും മൂന്നാം ഘട്ടത്തിൽ തുടർന്നുള്ള മാസത്തിൽ 25 ഏക്കറിലും വിത്തിറക്കും. മട്ടത്രിവേണി ഇനത്തിലുള്ള നെല്ലാണ് കൃഷി ചെയ്തത്. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. മാവൂർ കൃഷി ഓഫിസർ ഡോ. ദർശന ദിലീപ്, സലീം ചെറുതൊടികയിൽ, എ.എൻ. മരക്കാർ ബാവ, വാസു കമ്പളത്ത്, കമ്പളത്ത് വിജയൻ, ഗിരീഷ് കമ്പളത്ത്, ആയോത്ത് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.