യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; തുണയായി ബസ് ജീവനക്കാർ
text_fieldsമാവൂർ: നെഞ്ചുവേദനയെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ബസിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. മാവൂർ-ചെറൂപ്പ-കുന്ദമംഗലം റൂട്ടിലോടുന്ന 'സാൻവി' ബസിലെ ഡ്രൈവർ മുഹമ്മദ് അർഷാദും കണ്ടക്ടർ അശ്വിനുമാണ് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് തുണയായത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
പിലാശ്ശേരി സ്വദേശിയായ 55കാരനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകളുടെ വീട്ടിലെത്തി തിരിച്ചുപോകാനാണ് മാവൂർ സ്റ്റാൻഡിൽനിന്ന് ബസിൽ കയറിയത്. ബസിൽ കയറിയപ്പോൾ തന്നെ തലകറക്കവും ദേഹാസ്വാസ്ഥ്യവും തുടങ്ങിയിരുന്നു. വഴിയിലെത്തിയപ്പോൾ ഇത് കലശലായി. തുടർന്ന് കണ്ടക്ടർ ഇയാൾക്ക് പിൻസീറ്റിൽ കിടക്കാൻ സൗകര്യം ഒരുക്കുകയും ഡ്രൈവർ തൊട്ടടുത്തുള്ള ചെറൂപ്പ ഹെൽത്ത് സെന്ററിലേക്ക് ബസ് വേഗത്തിലെത്തിച്ചു.
വഴിയിലൊന്നും നിർത്തി യാത്രക്കാരെ കയറ്റാതെ ബസ് കുതിക്കുകയായിരുന്നു. പരിചയത്തിലുള്ള നഴ്സിനെ ഫോണിൽ വിളിച്ച് രോഗിയുമായി വരുന്നുണ്ടെന്നു ആശുപത്രിയിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു. ആശുപത്രി വളപ്പിലേക്ക് ബസ് കയറ്റിയപ്പോഴേക്കും സ്ട്രെച്ചർ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. രോഗി അപകടനില തരണം ചെയ്യുന്നതുവരെ ജീവനക്കാർ ആശുപത്രിയിൽ കാത്തിരിക്കുകയും ചെയ്തു. അതിനുശേഷമാണ് ബസ് സർവിസ് തുടർന്നത്. രോഗിയെ പിന്നീട് വിശദ പരിശോധനക്ക് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും തുടർന്ന് വിട്ടയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.