മാവൂരിൽ പഞ്ചായത്ത് അംഗത്തിനെതിരെ ഭരണസമിതി യോഗത്തിൽ പ്രതിഷേധം
text_fieldsമാവൂർ: പോക്സോ കേസിലും തുടർന്ന് വിഡിയോ ദൃശ്യ വിവാദത്തിലുംപെട്ട മാവൂർ പഞ്ചായത്ത് അംഗത്തിനെതിരെ ഭരണസമിതി യോഗത്തിൽ പ്രതിഷേധം. 15ാം വാർഡ് അംഗം കെ. ഉണ്ണികൃഷ്ണനെതിരെയാണ് ഭരണസമിതി യോഗത്തിൽ അംഗങ്ങൾ പ്രതിഷേധമുയർത്തിയത്.
നേരത്തേ പോക്സോ കേസിൽ ഉൾപ്പെട്ട അംഗത്തിന്റെ സംശയസാഹചര്യത്തിലുള്ള ചില വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് അംഗം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും രംഗത്ത് വരുകയായിരുന്നു. ഇടത് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സി.പി.എം പൊതുയോഗം നടത്തിയിരുന്നു. പാർട്ടി നേതൃത്വം രാജിക്കത്ത് എഴുതി വാങ്ങിയെങ്കിലും പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകാൻ അംഗം സന്നദ്ധനാവാത്തതിനാൽ അധികൃതർ രാജി സ്വീകരിച്ചിരുന്നില്ല.
പിന്നീട്, മാവൂരിൽ പൊതുയോഗം നടത്തി ഉണ്ണികൃഷ്ണൻ രാജിവെക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെയാണ് അംഗം ബുധനാഴ്ച ഭരണസമിതി യോഗത്തിന് എത്തിയത്. പോക്സോ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്വത്തിൽനിന്ന് നേരത്തേ പുറത്താക്കിയിരുന്നു.
ഉണ്ണികൃഷ്ണന്റെ അപേക്ഷ പ്രകാരം മാവൂർ സി.ഐ കെ. വിനോദന്റെ നേതൃത്വത്തിൽ പൊലീസ് ബുധനാഴ്ച സ്ഥലത്ത് എത്തിയിരുന്നു. ഭരണസമിതി യോഗത്തിന് എത്തിയപ്പോൾ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും മുഴുവൻ അംഗങ്ങളും എഴുന്നേറ്റുനിന്ന് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ‘ഉണ്ണികൃഷ്ണൻ ഗോബാക്ക്’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയാണ് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്.
ഉണ്ണികൃഷ്ണൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങളും മുദ്രാവാക്യം മുഴക്കി. പ്രശ്നങ്ങൾ ഒഴിവാക്കാൻ രജിസ്റ്ററിൽ ഒപ്പുവെച്ച് തിരിച്ചുപോകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, അംഗം രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി മടങ്ങി. അംഗങ്ങൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതിനെ തുടർന്ന് ക്വോറം തികയാതെ ഭരണസമിതിയോഗം പിരിഞ്ഞു.
പഞ്ചായത്ത് ഓഫിസിന് പുറത്ത് യു.ഡി.എഫ് പ്രവർത്തകരും സംഘടിച്ച് പ്രതിഷേധിച്ചു. തുടർന്ന്, അംഗത്തിന്റെ രാജി ആവശ്യപ്പെട്ട് യു.ഡിഎഫ് അംഗങ്ങളും പ്രവർത്തകരും മാവൂരിൽ പ്രകടനം നടത്തി. യു.ഡി.എഫ് ചെയർമാൻ എം. ഇസ്മായിൽ മാസ്റ്റർ, കൺവീനർ വി.എസ്. രഞ്ജിത്ത്, എൻ.പി. അഹമ്മദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.