പേവിഷബാധ; മാവൂരിൽ വളർത്തുമൃഗങ്ങൾ ചത്തു
text_fieldsമാവൂർ: പേയിളകിയ കുറുക്കന്റെ കടിയേറ്റ ആറു വളർത്തുമൃഗങ്ങൾ ചത്തു. മാവൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ പനങ്ങോടാണ് സംഭവം. രണ്ടു നായ്ക്കൾ, രണ്ടു പശുക്കൾ, രണ്ടു പോത്ത് എന്നിവയാണ് ചത്തത്. 25 ദിവസം മുമ്പാണ് വളർത്തുമൃഗങ്ങൾക്ക് കുറുക്കന്റെ കടിയേറ്റത്. തുടർന്ന് തൊട്ടടുത്ത ദിവസംതന്നെ കടിയേറ്റ ഒരു വളർത്തു നായ് ചത്തിരുന്നു. പിന്നീട് കൂടുതൽ വളർത്തുമൃഗങ്ങൾ പേ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ഒരു വളർത്തു നായ്, പശു, പോത്ത് എന്നിവ ചാവുകയും ചെയ്തു. വ്യാഴാഴ്ചയാണ് മറ്റൊരു പശുവും പോത്തും ചത്തത്. ഏതാനും പൂച്ചകളും ലക്ഷണങ്ങൾ കാണിക്കുന്നതായി വിവരമുണ്ട്.
തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യമുള്ള പ്രദേശമാണിത്. ഇവക്ക് കടിയേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. ആടുകൾക്കും കടിയേറ്റതായി പറയപ്പെടുന്നുണ്ട്. വിവരമറിഞ്ഞ് മാവൂർ വെറ്ററിനറി സർജൻ ബിന്ധ്യയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി.
മുഴുവൻ വളർത്തുമൃഗങ്ങൾക്കും ഇവയെ പരിചരിച്ചവർക്കും കുത്തിവെപ്പ് നൽകി. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനം നടത്തി. വെള്ളിയാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് വെറ്ററിനറി സർജൻ ബിന്ധ്യ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ പേ ലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരിചരിച്ചവർക്കും വളർത്തുമൃഗങ്ങൾക്കും കുത്തിവെപ്പ് നൽകിയിട്ടുണ്ട്. പശുവിന്റെ പാൽ കുടിച്ചവർ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.