മണിനാദം നിലച്ച സ്കൂളിൽ വർഷങ്ങൾക്കുശേഷം ഒത്തുചേരൽ
text_fieldsമാവൂർ: നൂറുമേനി വിജയം ആവർത്തിക്കുന്നതിനിടെ പൊടുന്നനെ ഓർമ മാത്രമായ സ്കൂൾ മുറ്റത്ത് അവർ വീണ്ടും എത്തി, 24 വർഷങ്ങൾക്കുശേഷം.
മണിനാദവും വിദ്യാർഥികളുടെ കാൽപെരുമാറ്റവും നിലച്ച, കാടുമൂടി ജീർണിച്ച സ്കൂൾ മുറ്റത്ത് വീണ്ടുമെത്തിയപ്പോൾ പലരുടെയും ഉള്ളുതേങ്ങി. മാവൂർ ഗ്രാസിം ഫാക്ടറിയിലെ തൊഴിലാളികളുടെ മക്കൾ വിദ്യ അഭ്യസിച്ച മാവൂർ ഗ്വാളിയോർ റയോൺസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് സ്കൂൾ മുറ്റത്ത് വീണ്ടും എത്തിയത്. ഫാക്ടറി അടച്ചതോടെ 20 വർഷംമുമ്പ് സ്കൂളും നിശ്ചലമാകുകയായിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം അപൂർവമായിരുന്ന കാലത്ത് തുടർച്ചയായി ഈ നേട്ടം കൈവരിച്ചാണ് സ്കൂൾ പ്രവർത്തനം നിലച്ചത്. സ്കൂളിൽ 1998 ബാച്ചിൽ എസ്.എസ്.എൽ.സി പൂർത്തിയായ വിദ്യാർഥികളാണ് ഒത്തുചേർന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിലേക്ക് ചേക്കേറിയവരും അവരുടെ കുടുംബങ്ങളുമാണ് സ്കൂളിലെത്തിയത്.
സ്കൂളും ക്ലാസ് മുറികളും മൈതാനവും ചുറ്റിക്കണ്ടും ഓർമകൾ അയവിറക്കിയും സ്കൂൾ മുറ്റത്ത് ഏറെ നേരം ചെലവഴിച്ച ശേഷം അവർ നഗരത്തിലെ ഓഡിറ്റോറിയത്തിൽ സംഗമിച്ചു. വിവിധ പരിപാടികളും നടന്നു. സി.പി. അനൂപ്, അനീഷ്, അഞ്ജന, റഷീദ, രശ്മി, ധന്യ, സീനത്ത്, റഹീം തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.