മാവൂരിൽ മൊബൈൽ കടയിൽ കവർച്ച
text_fieldsമാവൂർ: മൊബൈൽ കട കുത്തിത്തുറന്ന് കവർച്ച. മാവൂർ അങ്ങാടിയിൽ കെട്ടാങ്ങൽ റോഡിൽ പ്രവർത്തിക്കുന്ന അൽഫലാഹ് മൊബൈൽസിലാണ് ബുധനാഴ്ച രാത്രി കവർച്ച നടന്നത്. 12 ഫോണുകളും ആറോളം ഇയർഫോണുകളും കവർന്നു.
ഏതാണ്ട് 1.35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വെസ്റ്റ് പാഴൂർ നാറാണത്തുപുറായിൽ മുഹമ്മദ് ഫവാസിന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. വ്യാഴാഴ്ച രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെടുന്നത്.
ഷട്ടറിന്റെ പൂട്ട് തകർത്താണ് കവർച്ച നടന്നത്. ഷട്ടറിന് പുറത്തുള്ള ഗ്ലാസ് വാതിൽ നേരത്തെ നടന്ന മോഷണശ്രമത്തിനിടെ തകർന്നതാണ്. രണ്ടുതവണ ഇവിടെ മോഷണശ്രമം നടന്നിട്ടുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു.
മാവൂർ സി.ഐ കെ. വിനോദന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തെ കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. ചെരിപ്പ് ധരിക്കാതെ കാലിന് വൈകല്യമുണ്ടെന്ന് തോന്നിക്കുന്ന യുവാവാണ് സമീപ കടയിലെ ദൃശ്യത്തിലുള്ളത്.
രാത്രി 11ഓടെ മൊബൈൽ കടയുടെ ഭാഗത്തേക്ക് പോകുന്നതും പുലർച്ച രണ്ടരയോടെ സാധനങ്ങളുമായി തിരിച്ചുവരുന്നതും ദൃശ്യത്തിലുണ്ട്. ബുധനാഴ്ച പകൽ മാവൂർ അങ്ങാടിയിലെ കടകളിൽ ഭിക്ഷാടനത്തിനെത്തിയ യുവാവാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ഇയാളുടെ പകൽനേരത്തെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.