ആർ.ടി.ഒ കനിഞ്ഞില്ല; എളമരം പാലം വഴി ബസ് സർവിസിന് പച്ചക്കൊടിയില്ല
text_fieldsമാവൂർ: ഇരുജില്ലകളെ കൂട്ടിയോജിപ്പിച്ച് പാലം തുറന്ന് ഏഴുമാസം പിന്നിട്ടിട്ടും ബസ് സർവിസ് തുടങ്ങുന്നതിൽ അധികൃതർക്ക് വിമുഖത. മാവൂർ എളമരം പാലത്തിലൂടെയുള്ള ബസ് സർവിസിന് നാട്ടുകാരുടെ കാത്തിരിപ്പാണ് നീളുന്നത്. കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട് ആർ.ടി.ഒ യോഗത്തിലും അപേക്ഷകളിൽ അനുമതി നൽകിയില്ല.
ആർ.ടി.ഒ ഓഫിസിൽ സമർപ്പിക്കപ്പെട്ട വിവിധ റൂട്ടുകളിലെ പുതിയ പെർമിറ്റിനുള്ള 21 അപേക്ഷകൾ പഠനംവേണമെന്നുപറഞ്ഞ് മാറ്റിവെച്ചതിൽ നാലെണ്ണം എളമരം പാലം വഴിയുള്ളതാണ്. പാലത്തിലൂടെയുള്ള മറ്റ് രണ്ട് പെർമിറ്റ് അപേക്ഷകളിൽ തീർപ്പുകൽപിക്കാതെ മലപ്പുറം ആർ.ടി.ഒക്ക് വിട്ടു.
ഇതിലൊന്നിൽ പൊതുമരാമത്ത് വകുപ്പിൽനിന്നുള്ള ഫിറ്റ്നസ് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് എം.പിമാരും മറ്റ് ജനപ്രതിനിധികളും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും മാധ്യമങ്ങളും നിരന്തരം ശ്രദ്ധയിൽപെടുത്തിയിട്ടും കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞാണ് നാല് അപേക്ഷകൾ അനിശ്ചിതമായി മാറ്റിവെച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ചുതന്നെ ബസ് റൂട്ട് ആവശ്യപ്പെട്ട് ഉടമകൾ കോഴിക്കോട്, മലപ്പുറം ആർ.ടി ഓഫിസുകളിൽ അപേക്ഷിച്ചിരുന്നു. ആർ.ടി.ഒ യോഗം ചേരുന്നതോടെ അപേക്ഷകളിൽ നടപടിയുണ്ടാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് തകരുന്നത്. ചാത്തമംഗലം പഞ്ചായത്ത് അനുവദിച്ച ഗ്രാമവണ്ടിയുടെ ഒരു സർവിസ് മാത്രമാണ് ഇതുവഴി ഇപ്പോൾ കടന്നു പോകുന്നത്.
വിദ്യാർഥികളും സ്ത്രീകളും അടക്കം വെയിലത്ത് 400 മീറ്ററിലധികം പാലത്തിലൂടെ മറുവശം നടന്നാണ് ബസ് കയറുന്നത്. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് മന്ത്രിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതാണ്. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവിസ് അനുവദിക്കണമെന്ന ആവശ്യവും മന്ത്രിക്ക് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.