മാവൂർ-മെഡിക്കൽ കോളജ് റോഡിൽ സീബ്രാലൈനിന് പിശുക്ക്
text_fieldsമാവൂർ: നിരന്തര ആവശ്യത്തെ തുടർന്ന് മെഡിക്കൽ കോളജ് മുതൽ മാവൂർവരെ പുതിയ സീബ്ര ലൈനുകൾ വരച്ചപ്പോൾ തിരക്കേറിയ പല ഭാഗത്തെയും ഒഴിവാക്കിയതായി ആക്ഷേപം. നേരത്തെ സീബ്രലൈൻ ഉണ്ടായിരുന്ന അങ്ങാടികളെയും കവലകളെയുമാണ് അവഗണിച്ചത്.
മാവൂർ ബസ് സ്റ്റാൻഡ് പരിസരം, തിയറ്റർ വളവ്, പാറമ്മൽ, കല്പള്ളി, കാര്യാട്ട്, തെങ്ങിലക്കടവ്, ജനത സ്റ്റോപ്പ്, പൂവാട്ടുപറമ്പ് മുൻ തിയറ്റർ അങ്ങാടി തുടങ്ങിയ സ്ഥലത്തൊന്നും നിലവിൽ സീബ്രാലൈൻ വരച്ചിട്ടില്ല. ആളുകൾ ഏറെ റോഡ് മുറിച്ചുകടക്കുന്നതും നേരത്തെ സീബ്ര ലൈൻ ഉണ്ടായിരുന്നതുമായ സ്ഥലങ്ങളെയാണ് ഒഴിവാക്കിയത്.
തിരക്കേറിയ സ്ഥലങ്ങളിൽ സീബ്ര ലൈൻ മാർക്ക് ചെയ്യാത്തതിനാൽ റോഡ് മുറിച്ചുകടക്കാൻ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ പ്രയാസപ്പെടുകയാണ്. ഹമ്പുകളുടെ മുകളിലുള്ള അടയാളങ്ങൾ മാസങ്ങൾക്കുമുമ്പ് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, റോഡിലെ മറ്റ് അടയാളങ്ങൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
റോഡിൽ അടയാളങ്ങൾ പൂർണമായി മാഞ്ഞുതീർന്നിട്ട് മാസങ്ങളേറെയായിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. സീബ്ര ലൈൻ മാഞ്ഞുപോയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഒരു യാത്രക്കാരൻ 2018ൽ പരാതി നൽകിയിരുന്നു.
എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതിനുള്ള ഫണ്ട് നേരത്തെതന്നെ അനുവദിച്ചതുമാണ്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലടക്കം പരാതി നൽകിയിരുന്നു.
അതേസമയം, നേരത്തെ സീബ്ര ലൈനുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം പുതിയത് വരക്കാൻ നിർദേശം നൽകിയിരുന്നെന്നും ഇത് ചെയ്തിട്ടുണ്ടെന്നാണ് കരാറുകാർ അറിയിച്ചതെന്നുമാണ് എൻജിനീയർമാർ നൽകുന്ന മറുപടി. വിട്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കിൽ വരക്കാൻ നടപടിയെടുക്കുമെന്നും അസി. എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.