തെങ്ങിലക്കടവ് കാൻസർ സെന്റർ; പ്രതീക്ഷക്ക് വീണ്ടും ചിറകുമുളക്കുന്നു
text_fieldsമാവൂർ: അർബുദ ചികിത്സക്കുവേണ്ടി സ്വകാര്യവ്യക്തി സർക്കാറിന് കൈമാറിയ തെങ്ങിലക്കടവിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച് സെന്റർ പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷ വീണ്ടും. 13 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രതീക്ഷ വളരുന്നത്. ജില്ല പഞ്ചായത്തിനുകീഴിൽ രജിസ്റ്റർചെയ്ത കാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ ജില്ല കാൻസർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ആക്കാനാണ് പദ്ധതി.
സ്ഥാപനത്തിന്റെ പേരുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. നിരവധി പ്രക്ഷോഭങ്ങളും വിവിധ പദ്ധതി പ്രഖ്യാപനങ്ങളും അടിക്കടി ഉണ്ടായിട്ടും കാടുമൂടി നശിക്കുകയായിരുന്നു ആറര ഏക്കർ ഭൂമിയും അതിലെ ബഹുനില കെട്ടിടങ്ങളും. കാൻസർ ചികിത്സാരംഗത്ത് ഉപയോഗപ്പെടുത്തുന്നവിധമാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
തലശ്ശേരിയിലെ ഡോ. ഹഫ്സത്ത് ഖാദർകുട്ടി മാനേജിങ് ട്രസ്റ്റിയായ ട്രസ്റ്റിന് കീഴിലാണ് തെങ്ങിലക്കടവിൽ കാൻസർ ചികിത്സക്കായി 2001ൽ സ്ഥാപനം തുടങ്ങിയത്. 2010 വരെ കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയ സെന്ററിൽ റേഡിയേഷൻ തെറപ്പി യൂനിറ്റുകൂടി ഒരുക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും നടത്തിപ്പുചെലവും മറ്റും ട്രസ്റ്റിന് താങ്ങാവുന്നതിലപ്പുറമായതോടെയാണ് കാൻസർ ചികിത്സക്കും അനുബന്ധ ഗവേഷണത്തിനും മാത്രം ഉപയോഗിക്കണമെന്ന നിബന്ധനയോടെ സർക്കാറിന് കൈമാറിയത്.
തുടർന്ന് ഒരു വർഷത്തോളം തലശ്ശേരി മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചുമതലയുള്ളവർ ഇവിടെ എത്താറുണ്ടായിരുന്നെങ്കിലും പിന്നീടത് നിലച്ചു. 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ താഴെ നിലയിലുള്ള 8,000 ചതുരശ്ര അടി ഭാഗത്ത് ഫര്‍ണിച്ചറുകളും ഉപകരണങ്ങളുമെല്ലാം പൂര്‍ണ സജ്ജമായിരുന്നു. സർക്കാർ ഏറ്റെടുത്തശേഷം പ്രഖ്യാപനങ്ങളും ഉറപ്പുകളും മാത്രമായതോടെ 13 വർഷമായി സെന്റർ അനാഥാവസ്ഥയിലാണ്.
ജില്ല കാൻസർ കെയർ ഇൻസ്റ്റിറ്റ്യൂട്ട്
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള കാൻസർ കെയർ സൊസൈറ്റിക്ക് കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. സൊസൈറ്റിയുടെ രജിസ്ട്രേഷൻ മൂന്ന് മാസംമുമ്പ് പൂർത്തിയായി. രോഗസാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും രോഗ നിർണയവും കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. നേരത്തെ സർക്കാർ അനുവദിച്ച ഒരു കോടി ഉപയോഗിച്ച് കാടുവെട്ടിത്തെളിച്ച് അറ്റകുറ്റപ്പണികൾ നടക്കുകയാണ്.
ഭൂമി ജില്ല പഞ്ചായത്തിന്റെ പേരിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടം സർക്കാറിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഇതിൽ സർക്കാർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ഇത് ലഭിച്ചാൽ ഉടൻ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശ്യം. എൻ. എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജിയാണ് ചുമതല വഹിക്കുന്നത്.
കാത്തിരിപ്പിന്റെ 13 വർഷം
- 1997 ഒക്ടോബർ നാലിന് മാവൂർ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവിൽ അന്നത്തെ തമിഴ്നാട് ഗവർണർ ജസ്റ്റിസ് ഫാത്തിമ ബീവി തറക്കല്ലിട്ടു.
- 2001 ആഗസ്റ്റ് 12ന് ഗവർണർ സുഖ്ദേവ്സിങ് കാങ്ങ് ഉദ്ഘാടനം ചെയ്തു. 2010 ഡിസംബർ 18ന് പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായ സമയത്ത് സർക്കാറിന് കൈമാറി.
- 2014 ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര സർക്കാറിന്റെ ടേർഷ്യറി കാൻസർ സെന്റർ സ്കീമിനുകീഴിൽ മെഡിക്കൽ കോളജിന്റെ സബ് സെന്ററായി മാറ്റാൻ പ്രപ്പോസൽ.
- 2015, 2016, 2017, 2019 വർഷങ്ങളിൽ നിയമസഭയിൽ പി.ടി.എ. റഹീം എം.എൽ.എയുടെ സെന്റർ സംബന്ധിച്ച ചോദ്യങ്ങൾ.
- 2017 മാർച്ചിൽ കോഴിക്കോട് മെഡിക്കൽ കോളജിന് കീഴിലുള്ള കാൻസർ സ്ക്രീനിങ് സെന്ററായി മാറ്റാൻ ഉത്തരവായെന്ന് ആരോഗ്യ മന്ത്രി ശൈലജ നിയമസഭയിൽ.
- റിഹാബിലിറ്റേഷന്‍ സെന്ററും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ക്യാമ്പുമാക്കാൻ 2016ൽ എയ്ഞ്ചലിനുകീഴിൽ ശുചീകരണം. പിന്നീട് പദ്ധതി ഉപേക്ഷിച്ചു.
- കോഴിക്കോട് മെഡിക്കൽ കോളജിനുകീഴിൽ ഒരു കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരുന്നു എന്ന് 2019 മേയിൽ നിയമസഭയിൽ ആരോഗ്യ മന്ത്രിയുടെ മറുപടി.
- 2019 ഡിസംബറിൽ ഫർണിച്ചറും റിസപ്ഷൻ ഡെസ്ക്കുകളും മറ്റും സമീപ കേന്ദ്രത്തിലേക്ക് മാറ്റി
- നഗരത്തിലും പരിസരത്തും തെരുവിൽ അലഞ്ഞുതിരിയുന്നവർക്ക് അഭയ കേന്ദ്രമാക്കാൻ 2020 ഫെബ്രുവരിയിൽ തീരുമാനം. പ്രതിഷേധത്തെത്തുടർന്ന് തീരുമാനം മാറ്റി
- 2020 നവംബർ ഏഴിന് നവീകരണ പ്രവൃത്തിക്ക് ഒരു കോടിയുടെ ഭരണാനുമതി
- 2021 ഫെബ്രുവരി രണ്ടിന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കാന്‍സര്‍ കെയര്‍ ഹബ്ബാക്കാൻ തീരുമാനം
- 2021 ഫെബ്രുവരി 12ന് പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചെങ്കിലും നടപ്പായില്ല.
- 2022 മാർച്ച് 23: സെന്റർ ആറുമാസത്തിനകം പ്രവർത്തനക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈൻ യോഗത്തിൽ വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്
- ‘ശൈലി’ ആപ് വഴി ജില്ലയിലെ മുഴുവൻ ആളുകളിലും കാൻസർ സർവേ നടത്തും.
- കാൻസർ സാധ്യത ലക്ഷണമുള്ളവരെ തൊട്ടടുത്ത ആശുപത്രികളിൽ ടെസ്റ്റിന് വിധേയമാക്കും. ഇവിടെയുള്ള ജീവനക്കാർക്ക് ഇതിനുള്ള പരിശീലനം നൽകും.
- സ്തനാർബുദം, ഓറൽ കാൻസർ, സെർവിക്കൽ കാൻസർ എന്നിവക്ക് മുൻഗണന നൽകിയായിരിക്കും പരിശോധന
- കാൻസർ സാധ്യതയുള്ളവരെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച് തുടർ ചികിത്സ നൽകും.
- കീമോതെറപ്പി സൗകര്യം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാകും
- റേഡിയേഷൻ സൗകര്യം തൽക്കാലം ഒരുക്കാൻ ഉദ്ദേശ്യമില്ലെങ്കിലും റേഡിയേഷൻ വേണ്ടവരെ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യും.
- അർബുദ രോഗികൾക്ക് സൗഹൃദാന്തരീക്ഷത്തിൽ പരിചരണം നൽകും.
- സന്നദ്ധപ്രവർത്തകർ അടക്കമുള്ള സംഘത്തെ പദ്ധതിക്ക് വേണ്ടി തയാറാക്കും
- അഭ്യുദയകാംക്ഷികളിൽനിന്ന് സൊസൈറ്റി സംഭാവനകൾ സ്വീകരിച്ച് തുടർ വികസനം സാധ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.