വഴിയോര വിശ്രമ കേന്ദ്രം മാസങ്ങൾക്കകം അടഞ്ഞു
text_fieldsമാവൂർ: ഉദ്ഘാടനം കഴിഞ്ഞ് തുറന്ന് മാസങ്ങൾക്കകം വഴിയോര വിശ്രമ കേന്ദ്രം അടഞ്ഞു. മാവൂർ-കോഴിക്കോട് റോഡിൽ പൊൻപറക്കുന്നിനുതാഴെ പൊതുമരാമത്ത് വകുപ്പ് നൽകിയ ഭൂമിയിൽ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം പണിതത്.
കഴിഞ്ഞ ജൂലൈ അവസാനത്തിലാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. വിനോദ സഞ്ചാരത്തിന് ആളുകളെത്തുന്ന പൊൻപറക്കുന്നിന് താഴെയും പ്രധാന റോഡിന് അരികിലും ആയതിനാൽ ഏറെ സാധ്യത കണ്ടിരുന്നു. മൂന്നുമാസം മാത്രമാണ് കേന്ദ്രം തുറന്നുപ്രവർത്തിച്ചത്. ഹരിത കർമസേന വളന്റിയർമാരെ ഇവിടെ സേവനത്തിന് നിയോഗിച്ചിരുന്നു. ഇവർക്ക് വേതനമൊന്നും നൽകിയിട്ടില്ല.
നവംബർ ആദ്യത്തിൽ ഇവരോട് വാർഡുതല മാലിന്യ ശേഖരണ പ്രവൃത്തിയിലേക്ക് തിരിച്ചുപോകാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് കേന്ദ്രത്തിന് താഴുവീണത്. മനോഹര രൂപകൽപനയോടെ നിർമിച്ച കേന്ദ്രം ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്. കേന്ദ്രത്തോട് ചേർന്ന് കഫ്റ്റീരിയ തുടങ്ങുകയും അതിൽനിന്ന് കിട്ടുന്ന വരുമാനം നടത്തിപ്പിന് ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാൽ, കുടുംബശ്രീ അടക്കം സമീപിച്ചെങ്കിലും നടത്തിപ്പിന് നൽകാനുള്ള നടപടികളൊന്നും ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.