മാവൂരിൽ ജ്വല്ലറിയിലെ മോഷണം: പ്രതികൾ പിടിയിൽ
text_fieldsമാവൂർ: കെട്ടാങ്ങൽ റോഡിൽ ബസ് സ്റ്റാൻഡിന് സമീപത്തെ ജ്വല്ലറിയിൽ ചുമർ തുരന്ന് കവർച്ച നടത്തിയ സംഭവത്തിലെ പ്രതികൾ പിടിയിലായി. മാവൂർ ഇൻസ്പെക്ടർ പി. രാജേഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ വി. അനുരാജിന്റെ നേതൃത്വത്തിൽ മാവൂർ പൊലീസും ജില്ല സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്. മാവൂർ കണ്ണിപറമ്പ് തീർഥക്കുന്ന് രഞ്ജിഷ് (19), പ്രായപൂർത്തിയാവാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
ജൂലൈ രണ്ടിന് രാത്രിയാണ് പാഴൂർ ജ്വല്ലറിയിൽ മോഷണം നടന്നത്. ഉടമ പതിവുപോലെ ശനിയാഴ്ച കട പൂട്ടി പോയതായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കടയുടെ പിൻവശത്തെ ചുമർ തുരന്ന് മോഷണം നടത്തിയതായി ശ്രദ്ധയിൽപെട്ടത്. ഒരുലക്ഷത്തോളം വിലവരുന്ന ഒരു കിലോയോളം തൂക്കമുള്ള നിരവധി വെള്ളിയാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തുടർന്ന് മാവൂർ സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിരുന്നു.
ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം ജില്ല സ്പെഷൽ ആക്ഷൻ ഗ്രൂപ് അന്വേഷണം നടത്തിവരുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണം നടത്തിയത് കൗമാരപ്രായക്കാരാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല, ചുമർ തുരന്നതിലെ രീതിയിൽനിന്ന് പ്രഫഷനൽ സംഘമല്ല പ്രതികളെന്നും വ്യക്തമായിരുന്നു. കഴിഞ്ഞദിവസം കണ്ണിപറമ്പിലെ വീട്ടുപറമ്പിൽനിന്ന് ഏതാനും വെള്ളിയാഭരണങ്ങൾ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സിനിമാമേഖലയിൽ ഭക്ഷണം നൽകുന്ന വിഭാഗത്തിലെ ജോലിക്കാരനാണ് പ്രതി രഞ്ജിഷ്.
മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ആദ്യം പ്രതികൾ കുറ്റം സമ്മതിച്ചില്ല. ജൂൺ അവസാന ആഴ്ചയിൽ എറണാകുളത്ത് ആയിരുന്നെന്നും പിന്നീട് എടരിക്കോടും കടവന്തറയിലും പോയെന്നും ജൂലൈ ആദ്യ ആഴ്ചയിൽ സിനിമയുമായി ബന്ധപ്പെട്ട് മലയാറ്റൂരും ആയിരുന്നുവെന്നും ഫോൺ കേടായിരുന്നെന്നുമാണ് രഞ്ജീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽതന്നെ മോഷണം നടത്താൻ പദ്ധതിയിട്ടതായും അതിനുവേണ്ടി ആയുധങ്ങളും മറ്റും രഞ്ജീഷ് കരുതിവെക്കുകയും ചെയ്തിരുന്നുവെന്നും പ്രതികൾ പറഞ്ഞു.
ലോക്കർ തകർക്കാൻ പടക്കങ്ങളും പൂത്തിരികളും ഒരുക്കിയിരുന്നു. തുടർന്ന് ജൂണിൽ വീണ്ടും ആസൂത്രണം ചെയ്യുകയും മോഷണത്തിന് പാഴൂർ ജ്വല്ലറി തിരഞ്ഞെടുക്കുകയുമായിന്നു. ജൂലൈ രണ്ടിന് രാത്രിയിൽ നല്ല മഴയുള്ള ദിവസം റെയിൻകോട്ട് ധരിച്ചും ഷാൾ ഉപയോഗിച്ച് മുഖം മറച്ചും കവർച്ചക്കിറങ്ങുകയായിരുന്നു. പൂത്തിരി ഉപയോഗിച്ച് ജ്വല്ലറിയുടെ പൂട്ട് പൊളിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. മോഷണമുതൽ രഞ്ജീഷിന്റെ വീടിനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയായിരുന്നു. സിനിമകളിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് പ്രതികൾ മോഷണം ആസൂത്രണംചെയ്തതെന്ന് പൊലീസ് പറയുന്നു. മുഴുവൻ ആഭരണങ്ങളും മോഷണത്തിനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഷഹീർ പെരുമണ്ണ, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, മാവൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ. അനൂപ്, വി.എം. മോഹനൻ, സൈബർ സെല്ലിലെ രാഹുൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.