മാവൂരിൽ കടകളിൽ മോഷണം
text_fieldsമാവൂർ: ബസ് സ്റ്റാൻഡിന് പിറകുവശത്തെ രണ്ടുകടകളിൽ മോഷണം. പി.ബി.എച്ച് കോംപ്ലക്സിലെ സ്റ്റുഡന്റ്സ് കോർണർ സ്റ്റേഷനറി കട, എൻ.കെ മൊബൈൽസ് എന്നീ കടകളിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കടയുടെ ഷട്ടർ ഉയർത്തിയ നിലയിൽ കണ്ടതോടെയാണ് മോഷണ വിവരം അറിയുന്നത്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് പൂട്ടുകൾ തകർത്താണ് മോഷണം. സമീപത്തുള്ള പാഴൂർ ജ്വല്ലറിയുടെ പിൻഭാഗത്തെ ഷട്ടറിന്റെ ഒരു പൂട്ടും തകർത്ത നിലയിലാണ്. സ്റ്റുഡന്റ്സ് കോർണറിൽനിന്ന് 1000 രൂപയും ബാഗുകളും മോഷണം പോകുകയും സി.സി.ടി.വി കാമറ അഴിച്ചുമാറ്റി ഇതിലെ മെമ്മറി കാർഡ് കവരുകയും ചെയ്തു.
എൻ.കെ മൊബൈൽസിൽനിന്ന് ഒരു മൊബൈൽ ഫോൺ കവരുകയും സി.സി.ടി.വി കാമറ അഴിച്ചുകൊണ്ടുപോകുകയും ചെയ്തു. പാഴൂർ ജ്വല്ലറിയുടെ സി.സി.ടി.വി കാമറയിലൊന്ന് ഫ്ലക്സ് ഷീറ്റ് ഉപയോഗിച്ച് മറയ്ക്കുകയും മറ്റൊന്ന് ദിശ മാറ്റുകയും ചെയ്ത നിലയിലാണ്. പുലർച്ച രണ്ടിനുശേഷം തൊപ്പി ധരിച്ച ഒരാൾ ഇരുമ്പുകമ്പി ഉപയോഗിച്ച് ബൾബ് കെടുത്തുന്നതും കാമറകൾ മറയ്ക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12നാണ് മൊബൈൽ കട അടച്ച് ഉടമ പോയത്. ഇൻസ്പെക്ടർ ദാമോദരന്റെ നേതൃത്വത്തിൽ മാവൂർ പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പൊലീസ് നായ് റൂണി കെട്ടാങ്ങൽ റോഡിലൂടെ ഓടി മൂത്തേടത്തുകുഴി റോഡുവഴി പൈപ്പ് ലൈൻ റോഡിലെത്തി തിരിച്ചുവരികയായിരുന്നു. വിരലടയാള വിദഗ്ധരായ വി. ശ്രീജയ, എം. സുധീർ എന്നിവർ കടകളിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.