ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച; ഒരു ലക്ഷത്തിന്റെ വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു
text_fieldsമാവൂർ: ജ്വല്ലറിയുടെ ചുമർ തുരന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങൾ കവർന്നു. മാവൂർ ബസ് സ്റ്റാൻഡിന് സമീപം കെട്ടാങ്ങൽ റോഡിലെ പാഴൂർ ജ്വല്ലറിയിലാണ് ഞായറാഴ്ച രാത്രി കവർച്ച നടന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച രാവിലെ ജ്വല്ലറിയുടെ ചുമർ തുരന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് കടയുടമയെയും മാവൂർ പൊലീസിലും വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു, അസിസ്റ്റൻറ് കമീഷണർ കെ. സുദർശനൻ, മാവൂർ സി.ഐ കെ. വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ കട തുറന്ന് നടത്തിയ പരിശോധനയിൽ വെള്ളിയാഭരണങ്ങൾ കളവുപോയെന്ന് വ്യക്തമായി. കൗണ്ടറിൽ സൂക്ഷിച്ച ആഭരണങ്ങൾ പെട്ടി പൊളിച്ച് കവരുകയായിരുന്നു.
വെള്ളിയിൽ തീർത്ത പാദസരം, ബ്രേസ് ലെറ്റ്, തണ്ട, മാല, മോതിരം, അരഞ്ഞാണം എന്നിവയാണ് കളവുപോയത്. കൗണ്ടറിൽതന്നെ തൂക്കം കുറഞ്ഞ മോതിരമടക്കം കുറച്ച് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപെടാത്തതിനാൽ നഷ്ടപ്പെട്ടിട്ടില്ല. ഫോറൻസിക് - വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചുമർ തുരന്നതിനുസമീപം ഉപേക്ഷിച്ച ഗ്ലൗസിൽ മണംപിടിച്ച പൊലീസ് നായ് കെട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പ് വരെ ഓടി തിരിച്ചുവന്നു.
പുലർച്ച നാലോടെ ഒരാൾ ഓടിപ്പോകുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മാവൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മഴയുള്ള സമയം ഉപയോഗപ്പെടുത്തിയാണ് കവർച്ചയെന്നാണ് കരുതുന്നത്. സമീപത്തെ ബോർഡ് കൊണ്ടുവന്ന് മറയാക്കിയാണ് ചുമർ തുരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.