മാവൂരിൽ മാലിന്യം തള്ളൽ നിർബാധം
text_fieldsമാവൂർ: വാഹനങ്ങളിലെത്തിച്ച് റോഡരികിലും വിജനമായ സ്ഥലത്തും മാലിന്യം തള്ളുന്നത് വ്യാപകമായി തുടരുന്നു. മാവൂരിലും പരിസരത്തുമുള്ള റോഡുകളിൽ രാത്രി ഇരുട്ടി വിജനമാകുമ്പോഴേക്കും മാലിന്യം തള്ളുന്നത് പതിവായി. മാവൂർ-കോഴിക്കോട് റോഡിൽ കൽപള്ളി മുതൽ തെങ്ങിലക്കടവ് വരെയും പൈപ്പ് ലൈൻ റോഡിലും മാവൂർ-കൂളിമാട് റോഡിലുമാണ് നിർബാധം മാലിന്യം തള്ളുന്നത്.
പലതവണ വാഹനങ്ങൾ പിടികൂടി താക്കീത് ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. ഈ ഭാഗങ്ങളിലെല്ലാം മാലിന്യം ദുർഗന്ധം വമിപ്പിക്കുകയാണ്. പൈപ്പ് ലൈൻ റോഡിൽ തെങ്ങിലക്കടവ് അങ്ങാടിക്ക് സമീപം പത്തോളം ചാക്കുകളിൽ കിലോക്കണക്കിന് പലഹാര മാവ് തള്ളിയതായി കണ്ടെത്തി.
ബേക്കറികളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷ പരിശോധന അടുത്ത ദിവസങ്ങളിൽ സജീവമാകുമെന്ന അറിയിപ്പ് ലഭിച്ചതോടെ പഴകിയവ തള്ളിയതാകാമെന്നാണ് സൂചന. മാവൂർ-കൂളിമാട് റോഡിൽ എളമരം ഭാഗത്ത് വ്യാപകമായി കോഴിമാലിന്യം തള്ളിയതായും കണ്ടെത്തി.
തുടർന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിക്കുകയും മാവൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തള്ളിയ വാഹനം കണ്ടെത്തി. തുടർന്ന് മാലിന്യം നീക്കി ശുചിയാക്കാനും സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു. തെങ്ങിലക്കടവിൽ നീർത്തടത്തിലേക്ക് മാലിന്യം തള്ളിയ കെട്ടിടയുടമക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതർ നടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.