മാവൂർ ജി.എച്ച്.എസ്.എസിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം തുറന്നു
text_fieldsമാവൂർ: പ്രാദേശിക കാലാവസ്ഥ നിരീക്ഷിക്കാൻ മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സംവിധാനം പ്രവർത്തിച്ചുതുടങ്ങി. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പരിപാടിയിലുൾപ്പെടുത്തി സമഗ്രശിക്ഷ കേരളത്തിന്റെ ധനസഹായത്തോടെയാണ് കാലാവസ്ഥ സ്റ്റേഷൻ നിർമിച്ചത്.
സ്റ്റേഷൻ ഉപയോഗിച്ച് കുട്ടികൾക്ക് പ്രദേശത്തെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും കഴിയും. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ ദിശയും വേഗവും മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാർഥികൾക്ക് സ്വയം രേഖപ്പെടുത്താനാകും.
മാക്സിമം മിനിമം തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയുന്നതിനുള്ള വിൻഡ് വെയിൻ, വേഗം അളക്കുന്നതിനുള്ള വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, മഴമാപിനി എന്നീ ഉപകരണങ്ങൾ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ വി.ടി. ഷിബ മുഖ്യാതിഥിയായി.
ജ്യോഗ്രഫി അധ്യാപകൻ എ.എം. ഷബീർ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, എ.പി. മോഹൻദാസ്, മാവൂർ ബി.ആർ.സി ബി.പി.സി ജോസഫ് തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് പുതുക്കുടി, മാവൂർ ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക യു.സി. ശ്രീലത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.പി. മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി. ആലിക്കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.