എം.ഡി.എം.എ ലഹരി പിടിയിലായ സംഭവം; കോഴിക്കോട് ജില്ലയിൽ വലയിലായത് ലഹരി കടത്തിലെ പ്രധാന കണ്ണി
text_fieldsവടകര: ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫിന്റെ (ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) വലയിലായത് മയക്കുമരുന്നുകടത്തിലെ പ്രധാന കണ്ണി. തൊട്ടിൽപാലം ചുരത്തിനു സമീപം ചാത്തൻകോട്ട്നട വെച്ച് പിടിയിലായ വടകര പതിയാരക്കര മുതലോളി വീട്ടിൽ ജിതിൻബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെ അതിസമർഥമായ നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. 99.44 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.
കോഴിക്കോട്, വടകര, കണ്ണൂർ ഭാഗങ്ങളിൽ ജിതിൻ ബാബു മയക്കുമരുന്ന് വില്പന നടത്തുന്നതായി ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമിക്ക് നേരത്തെ രഹസ്യം വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൻസാഫിന്റ നേതൃത്വത്തിൽ ജിതിൻ ബാബുവിനെ മാസങ്ങളായി നിരീക്ഷിച്ചുവരുകയായിരുന്നു. വയനാട് ഭാഗത്തുനിന്ന് ജിതിനും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്നെത്തിയ പൊലീസ് ജില്ല അതിർത്തിയിൽ തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാത്തംകോട്ട് നട വെച്ച് പിടികൂടുകയാണുണ്ടായത്.
വടകര, വില്യാപ്പള്ളി, എടച്ചേരി പൊലീസ് സ്റ്റേഷൻപരിധി തുടങ്ങിയ ഭാഗങ്ങളിൽനിന്നും ദേശീയപാതയിൽ വെച്ചും എം.ഡി.എം.എയുമായി നിരവധി യുവാക്കൾ നേരത്തെ പിടിയിലായിരുന്നു. ഇവരിൽനിന്നെല്ലാം ചെറിയ അളവിലാണ് എം.ഡി.എം.എ കണ്ടെടുത്തിരുന്നത്. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിനിടെയാണ് പൊലീസിന് ജിതിൻ ബാബുവിനെ കുറിച്ച് വിവരം ലഭിക്കുന്നത്.
മയക്കുമരുന്നിന് അടിമയായ ജിതിൻ സംശയം തോന്നാതിരിക്കാൻ ബംഗളൂരുവിൽനിന്ന് ഭാര്യ സ്റ്റഫിയെയും നാലു വയസ്സുള്ള കുട്ടിയെയും മറയാക്കിയാണ് മയക്കുമരുന്ന് കടത്തിയത്. മറ്റ് ജോലികളൊന്നും ഇല്ലാത്ത ജിതിൻ മയക്കുമരുന്ന് വില്പനയിലൂടെ ലഭിക്കുന്ന പണം ആർഭാട ജീവിതത്തിന് ഉപയോഗിച്ചുവരുകയാണ്.
മേഖലയിലെ നിരവധി യുവാക്കളും വിദ്യാർഥികളും ഇയാളുടെ വലയിൽപെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന് മൂന്നു ലക്ഷത്തോളം രൂപ വിലവരും. സമീപകാലങ്ങളിൽ കേരളത്തിൽ ഉടനീളം മാരക സിന്തറ്റിക് ലഹരികൾക്ക് അടിപ്പെട്ട് യുവതലമുറ അക്രമകാരികളാവുന്ന സാഹചര്യത്തിൽ മയക്കുമരുന്നിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റൂറൽ എസ്.പി ആർ. കറുപ്പസാമി ഐ.പി.എസ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എസ്. ഷാജി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.