അഞ്ചാംപനി; കോഴിക്കോട് ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി
text_fieldsകോഴിക്കോട്: ജില്ലയിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും തീരുമാനിച്ചു. അഞ്ചാംപനിക്കെതിരെ കുത്തിവെപ്പ് കർശനമായി നടപ്പാക്കാനാണ് തീരുമാനം. പനി പടരാതിരിക്കാൻ വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കും. വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി അഥവാ മീസിൽസ്.
കുറ്റ്യാടി ആരോഗ്യ ബ്ലോക്കിലെ നാദാപുരം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര ജില്ല ടാസ്ക്ഫോഴ്സ് യോഗം ചേർന്നു. അഞ്ചാംപനിയുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികൾക്ക് ഉടൻ കുത്തിവെപ്പ് നൽകണമെന്ന് കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു.
ഇതിനായി സമൂഹ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ബോധവത്കരണ പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരത്ത് എട്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള കൂടുതൽ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത തടയുന്നതിനായി വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തനങ്ങൾ ശക്തമാക്കും. പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്ത കുട്ടികളിലാണ് അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് യോഗം വിലയിരുത്തി.
അതുകൊണ്ട് കുത്തിവെപ്പെടുക്കാത്തതോ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തതോ ആയ കുട്ടികളുടെ വാക്സിനേഷൻ വീഴ്ച വരുത്താതെ ഉടനെടുക്കാൻ എല്ലാ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടർ അറിയിച്ചു. യോഗത്തിൽ പ്രതിരോധ നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്തു.
ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ടി. മോഹൻദാസ്, ഡബ്ല്യു.എച്ച്.ഒ സർവൈലൻസ് ഓഫിസർ ഡോ. സന്തോഷ് രാജഗോപാൽ എന്നിവർ വിഷയമവതരിപ്പിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫിസർമാർ, മെഡിക്കൽ ഓഫിസർമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, വനിത ശിശുവികസന ഓഫിസർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എന്നിവർ പങ്കെടുത്തു.
രോഗലക്ഷണങ്ങൾ
പനിയാണ് ആദ്യ ലക്ഷണം. മൂക്കൊലിപ്പ്, ചുമ, കണ്ണുകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നാലുദിവസം പിന്നിടുമ്പോഴേക്കും ശരീരമാസകലം തിണർത്ത പാടുകൾ കാണപ്പെടുന്നു. വയറിളക്കം, ഛർദ്ദി, ശക്തമായ വയറുവേദന, അപ്പന്റിസൈറ്റിസ്, കാഴ്ചക്കുറവ്, ന്യൂമോണിയ, മസ്തിഷ്ക ജ്വരം എന്നിവയുമുണ്ടായേക്കാം. വയറിളക്കം കൂടുതലായാൽ നിർജലീകരണം സംഭവിച്ച് മരണത്തിനു വരെ കാരണമാകാം.
രോഗം പകരുന്ന വിധം
രോഗമുള്ള ഒരാളിൽനിന്ന് ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന കണങ്ങളിലൂടെയോ കണ്ണിലെ സ്രവങ്ങളിലൂടെയോ മറ്റൊരാളിലേക്ക് രോഗം പകരാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പനി, ശരീരത്തിൽ തിണർപ്പുകൾ എന്നീ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ പുറത്തുപോകുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം. പനിയുള്ള കുട്ടികളെ സ്കൂളിലേക്കോ കളിസ്ഥലങ്ങളിലേക്കോ വിടരുത്. തൊട്ടടുത്ത പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽചെന്ന് ഉടൻ ചികിത്സ തേടണം.
വയറിളക്കമുണ്ടായാൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. ചെവിയിൽ പഴുപ്പ് വന്നാൽ ആവശ്യമായ ചികിത്സ നടത്തണം. ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് ഉടൻ ചികിത്സ തേടണം.
വൈറ്റമിൻ എ പ്രൊഫൈലാക്സിസ് ചികിത്സ ശരീരത്തിലെ അണുബാധ തടയാൻ സഹായിക്കും. ഷെഡ്യൂൾ പ്രകാരമുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുത്തവർക്ക് അഞ്ചാം പനി വരാൻ സാധ്യതയില്ല. അതുകൊണ്ട് കുട്ടികൾക്ക് ഒമ്പതു മാസം പ്രായമാകുമ്പോൾ ആദ്യ ഡോസ് എം ആറും വൈറ്റമിൻ എയും നൽകണം.
ഒന്നര മുതൽ രണ്ട് വയസ്സ് വരെ രണ്ടാം ഡോസും നൽകാം. പനി, ശരീരത്തിൽ തിണർപ്പുകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.