മെഡി. കോളജ് ഐ.സി.യു പീഡനം; അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടെന്ന് അതിജീവിത
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ തന്നെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ.വി. പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുകളെന്ന് അതിജീവിത. തന്നെ പരിശോധിക്കാനെത്തിയപ്പോൾ ഡോ. പ്രീതിക്കൊപ്പം മറ്റൊരു ജൂനിയർ ഡോക്ടർ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
അവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഡോ. പ്രീതിക്കൊപ്പം ജൂനിയർ ഡോക്ടര് ഉണ്ടായിരുന്നില്ല. ആസമയം ഡോ. പ്രീതിയും നഴ്സ് പി.ബി അനിതയുമാണ് ഉണ്ടായിരുന്നത്. പരിശോധനക്കെത്താത്ത ജൂനിയർ ഡോക്ടറുടെ മൊഴി അന്വേഷണ റിപ്പോർട്ടിൽ എങ്ങനെയാണ് വന്നതെന്നും അവര് ചോദിക്കുന്നു.
മുഖ്യപ്രതി ശശീന്ദ്രനെതിരായ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ഡോ. പ്രീതിയുടെ മൊഴിയിലും കൂടെ മറ്റൊരു ഡോക്ടർ ഉണ്ടായിരുന്നതായി പറയുന്നില്ല. കുറ്റപത്രത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ ഒരു സാക്ഷിയെക്കുറിച്ച് പരാമർശമില്ല.
താൻ ഡോ. പ്രീതിക്കെതിരെ പരാതി നൽകിയശേഷം മാത്രം ഇങ്ങനെ ഒരു ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത് പ്രീതിയെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്നതിന് തെളിവാണ്.
രോഗിയുടെ പരിശോധന വേളയിൽ താനാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നും ഡോ. പ്രീതി തനിച്ചാണ് പരിശോധനക്കെത്തിയതെന്നും വാർഡ് 20ലെ ഹെഡ് നഴ്സായ പി.ബി. അനിത മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ രഹസ്യ ഭാഗത്ത് നഖംകൊണ്ടുള്ള പാടും രക്തവും കണ്ടിരുന്നുവെന്നും ഇക്കാര്യം താൻ ഡോക്ടറെ അറിയിച്ചിരുന്നതായും അനിത മൊഴിയിൽ പറയുന്നു.
രോഗി പറഞ്ഞ എല്ലാ കാര്യങ്ങളും പരിശോധനക്കെത്തിയ ഡോക്ടർ കേസ് ഷീറ്റിൽ എഴുതിയതായി കണ്ടിരുന്നില്ലെന്നും അനിത പറയുന്നുണ്ട്. എന്നാൽ, അനിതയുടെ മൊഴി അവിശ്വസനീയമാണെന്നും ഇങ്ങനെയൊരു കാര്യം അവർ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തേ പറഞ്ഞതിനു വിരുദ്ധമായി അനിതയുടെ മൊഴി മറ്റെന്തോ ലക്ഷ്യംവെച്ചാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
രോഗി പറഞ്ഞ കാര്യങ്ങൾ ഡോ. പ്രീതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടെയുണ്ടായിരുന്ന ജൂനിയർ ഡോക്ടറുടെ മൊഴി പ്രീതിയുടെ റിപ്പോർട്ട് ശരിവെക്കുന്നതാണെന്നും പറയുന്ന റിപ്പോർട്ടിൽ ഡോ. പ്രീതിക്കെതിരെ തുടർനടപടി വേണ്ടെന്നും നിർദേശിക്കുന്നുണ്ട്. തന്റെയും ബന്ധുക്കളുടെയും മൊഴി കണക്കിലെടുക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും പ്രീതിക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും അതിജീവിത ആരോപിച്ചു.
പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തനിക്ക് ആന്തരിക പരിശോധന നടത്തിയതായി പറയുന്നില്ല. എന്നാൽ, ആന്തരിക പരിശോധന നടത്തിയെന്നാണ് പ്രീതിക്കെതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
തനിക്ക് അങ്ങനെ ഒരു ടെസ്റ്റ് നടത്തിയിട്ടില്ലെന്നും അതിജീവിത പറയുന്നു. ഇത്തരത്തിൽ പലതലത്തിലുള്ള വൈരുധ്യങ്ങൾ അന്വേഷണ റിപ്പോർട്ടിൽ കാണുന്നുണ്ട്. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും അതിജീവിത പറഞ്ഞു.
പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത കോഴിക്കോട് കമീഷണർ ഓഫിസിനു മുന്നിൽ രണ്ടാഴ്ചയോളം സമരം ചെയ്തിരുന്നു. നേരത്തേ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ കമീഷണർ തയാറായിരുന്നില്ല.
റിപ്പോർട്ട് നൽകാത്തതു സംബന്ധിച്ചും അതിജീവിതയെ കമീഷണർ അപമാനിച്ചു എന്നതടക്കമുള്ള അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി കെ. സേതുരാമന് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരുന്നു.
ഐ.ജിയുടെ നിർദേശപ്രകാരമാണ് അതിജീവിതക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകിയത്. 2023 മാർച്ച് 18നാണ് മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അതിജീവിത പീഡനത്തിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.