മെഡി. കോളജ് ആക്രമണക്കേസ്: ചലനമറ്റ് പൊലീസ് നടപടി
text_fieldsകോഴിക്കോട്: മെഡി. കോളജ് ആക്രമണക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാവുന്നു. അന്വേഷണം അസി. പൊലീസ് കമീഷണർക്ക് കൈമാറിയെങ്കിലും കേസിൽ ഒരു പുരോഗതിയുമില്ല.
ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച രണ്ടു പ്രതികൾ അപേക്ഷ പിൻവലിച്ചിരിക്കയാണ്. മുൻകൂർ ജാമ്യം തള്ളിയാൽ കീഴടങ്ങേണ്ടിവരുമെന്നതിനാലാണ് അപേക്ഷ പിൻവലിച്ചത്. കേസിലെ അഞ്ചു പ്രതികൾ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കീഴടങ്ങി 36 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം അരുൺ ഉൾപ്പെടെയുള്ള പ്രതികളാണ് റിമാൻഡിൽ കഴിഞ്ഞത്. ഇരിങ്ങാടൻ പള്ളി സ്വദേശി പി.എസ്. നിഖിൽ സോമൻ, കോവൂർ സ്വദേശി കിഴക്കെപറമ്പിൽ ജിതിൻലാൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ള പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ വലിയ സമ്മർദം പൊലീസിനുള്ളതായാണ് വിവരം.
ഡി.വൈ.എഫ്.ഐ സംഘത്തിന്റെ മൃഗീയ ആക്രമണത്തിനിരയായ സുരക്ഷാജീവനക്കാർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്മാരുടെ സംഘടനകൾ തുടർച്ചയായി പ്രതിഷേധത്തിലാണ്. റിമാൻഡിലായ പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ വീഴ്ചയാണെന്നാണ് വിമർശനം.
കോൺഗ്രസ് ഉൾപ്പെടെ വിഷയം ഏറ്റെടുത്ത് പ്രതിഷേധം ശക്തമാക്കിയെങ്കിലും അനങ്ങാപ്പാറ നയമാണ് പൊലീസ് സ്വീകരിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച സി.ഐക്കെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച കേസ് അസി. കമീഷണർ സുദർശന് നൽകി ജില്ല പൊലീസ് മേധാവി ഉത്തരവിട്ടത്. അദ്ദേഹം കേസ് ഏറ്റെടുത്തിട്ടും നടപടികൾ പഴയപടി തുടരുകയാണ്.
പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും എല്ലാത്തിൽനിന്നും പിന്മാറി. ജില്ലക്കു പുറത്താണ് പ്രതികൾ എന്നാണ് സൂചന. ആഗസ്റ്റ് 31നായിരുന്നു ഡി.വൈ.എഫ്.ഐ സംഘം മെഡി. കോളജ് പ്രവേശനകവാടത്തിൽ സുരക്ഷാജീവനക്കാരെ ആക്രമിച്ചത്. ഇതു റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകനു നേരെയും മർദനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.