സോറി, ഇവിടെ എക്സ്റേ ഇല്ല
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിലെ എക്സ്റേ വീണ്ടും പണിമുടക്കി. മെഷീൻ കേടായി ഒരാഴ്ച പിന്നിട്ടിട്ടും പ്രവർത്തനം പുനരാരംഭിക്കാനായിട്ടില്ല. ഇനി ഡൽഹിയിൽനിന്ന് ടെക്നീഷ്യൻമാരെത്തി അറ്റകുറ്റപ്പണി നടത്തുമ്പോഴേക്കും ദിവസങ്ങളോളം ഇത് അടഞ്ഞുതന്നെ കിടക്കും. ഇതുകാരണം അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗികളെയും മറ്റ് അത്യാഹിതങ്ങളിൽപ്പെടുന്നവരെയും 300 മീറ്റർ അകലെ മെഡിക്കൽ കോളജ് ജനൽ ആശുപത്രി ബ്ലോക്കിൽ എത്തിച്ചാണ് എക്സ്റേ എടുക്കുന്നത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഇത്രദൂരം കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് രോഗികളുടെ പ്രയാസം ഇരട്ടിപ്പിക്കുന്നു. കൈകാലുകൾക്ക് പരിക്കേറ്റവരെ ടോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി, നേരത്തേ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം. അവിടെ 14ാം ബ്ലോക്കിൽനിന്ന് പരിശോധനക്ക് വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർകൂടി നടന്ന് മെയിൻ കൗണ്ടറിൽ ചെന്ന് പണമടക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും.
ഗുണനിലവാരം കുറഞ്ഞ മെഷീൻ സ്ഥാപിച്ചതു കാരണം അത്യാഹിത വിഭാഗത്തിൽ എക്സ്റേ മെഷീൻ പണിമുടക്കുന്നത് പതിവാണ്. ദിനംപ്രതി 700ലധികം എക്സ്റേ എടുക്കേണ്ട അത്യാഹിത വിഭാഗത്തിൽ അതിന് ശേഷിയില്ലാത്ത മെഷീൻ സ്ഥാപിച്ചതാണ് ഇടക്കിടെ പ്രതിസന്ധിക്കിടയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.