കോവിഡ് ഡ്യൂട്ടിക്കായി മെഡി. കോളജ് പി.ജി വിദ്യാർഥികളുടെ കോഴ്സ് നീട്ടിയെന്ന്
text_fieldsകോഴിക്കോട്: കോവിഡ് ഡ്യൂട്ടിക്കുവേണ്ടി മെഡിക്കൽ കോളജിലെ രണ്ട് പി.ജി വിദ്യാർഥികളുടെ കോഴ്സ് കാലാവധി നീട്ടി ഉത്തരവിറക്കിയെന്ന് ആരോപണം. അനസ്തേഷ്യ വിഭാഗത്തിലെ വിദ്യാർഥികളെയാണ് കോഴ്സ് പൂർത്തീകരിച്ച ശേഷവും കോഴ്സ് കാലാവധി നീട്ടിക്കൊണ്ട് പോസ്റ്റ് ചെയ്തത്. കോവിഡ് ആശുപത്രിയായി ഉയർത്തിയ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ ഐ.സി.യു ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറി കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് രണ്ട് അനസ്തേഷ്യ വിഭാഗം മെഡിക്കൽ ഓഫിസർമാരെയും ആറു പി.ജി വിദ്യാർഥികളെയും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു പി.ജി വിദ്യാർഥികളുടെ കോഴ്സ് കാലാവധി നീട്ടി ബീച്ച് ആശുപത്രിയിലേക്ക് നിയമിച്ചതെന്ന് മെഡിക്കൽ കോളജ് ജോയൻറ് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
കോഴ്സ് കഴിഞ്ഞ് പരീക്ഷക്ക് പഠനാവധിയിൽ പോകേണ്ട വിദ്യാർഥികളെയാണ് കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുന്നത്. ഒരു വയസ്സുള്ള കുഞ്ഞുങ്ങളുടെ അമ്മമാരാണ് രണ്ടുപേരും. ഇവർക്കുനേരെ കൈകൊണ്ടത് അന്യായ നടപടിയാണെന്നും കേരള മെഡിക്കൽ പോസ്റ്റ്ഗ്രാജ്വേറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ആബേൽ പറഞ്ഞു. ബന്ധപ്പെട്ടവർക്കുമുന്നിൽ പ്രശ്നം അവതരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. 2020 നവംബർ 12ന് ബീച്ച് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും ജില്ല കലക്ടർ ഉത്തരവിറക്കിയതിനെ തുടർന്ന് ഇവർ ഡ്യൂട്ടിക്ക് ഹാജരായിട്ടുണ്ട്. എന്നാൽ, ഇവരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും വരെ പ്രതിഷേധം തുടരും.
പ്രതിഷേധം രേഖപ്പെടുത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് പി.ജി അസോസിയേഷനും കോളജ് യൂനിയനും ഹൗസ് സർജൻസ് അസോസിയേഷനും എസ്.എഫ്.ഐ യൂനിറ്റും ചേർന്ന് ജോയൻറ് ആക്ഷൻ കൗൺസിലിന് രൂപം നൽകിയിരിക്കുകയാണ്. പ്രതിഷേധത്തിെൻറ ആദ്യ പടിയായി മുതിർന്ന ഡോക്ടർമാർക്ക് കോവിഡ് അപ്ഡേറ്റുകൾ നൽകുന്നത് നിർത്തിവെച്ചതായി ജോയൻറ് ആക്ഷൻ കൗൺസിൽ അറിയിച്ചു. കോവിഡ് അപ്ഡേറ്റുകൾ നൽകുന്ന വാട്ട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് ജൂനിയർ റെസിഡൻറുമാരെ പിൻവലിക്കാനുമാണ് ജോയൻറ് ആക്ഷൻ കൗൺസിലിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.