മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം; ജീവനക്കാരെ വീണ്ടും തെളിവെടുപ്പിന് വിളിപ്പിച്ച് ഡി.എം.ഇ
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരെ വീണ്ടും തെളിവെടുപ്പിന് വിളിപ്പിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. ജൂലൈ 31ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡോ. ഗീത രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി അതിജീവിതയില്നിന്നും ആശുപത്രിയിലെ ജീവനക്കാരില്‍നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിന് ശേഷമാണ് ആശുപത്രി അഡീഷനല്‍ സൂപ്രണ്ട് സുനില്‍കുമാര്‍ അടക്കമുള്ളവരോട് തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറില്‍ നേരിട്ടെത്തി മൊഴി കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 14,16 തീയതികളില്‍ ഹാജരാവണമെന്നാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം. കേസില്‍ പ്രതിക്കെതിരായ മൊഴി തിരുത്താന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
31ലെ തെളിവെടുപ്പിന് പിന്നാലെ ഏതാനും ജീവനക്കാരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍, പെെട്ടന്നുള്ള തീയതി ആയതിനാല്‍ ഇവര്‍ക്ക് ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഗുരുതര വീഴ്ചയാണെന്നും ആരോഗ്യവകുപ്പിന്റെ പുതിയ സര്‍ക്കുലറില്‍ പറയുന്നു. അഡീഷനല്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, മുന്‍ സീനിയര്‍ എ.ഒ നീലകണ്ഠന്, ഹെഡ്നഴ്സ് പി.ബി. അനിത, ഓഫിസ് അറ്റൻഡന്റ് പ്രവീണ്‍ എന്നിവര്‍ 14നും ആര്.എം.ഒ ഡോ. ഡാനിഷ്, ലേ സെക്രട്ടറി ബാബു ചന്ദ്രന്, ചീഫ് നഴ്സിങ് ഓഫിസര്‍ സുമതി എന്നിവര്‍ 16നും ഹിയറിങ്ങിന് ഹാജരാവണമെന്നാണ് ഈ മാസം എട്ടിന് പ്രിന്‍സിപ്പലിന് ലഭിച്ച നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഹാജരാവാത്തപക്ഷം കര്‍ശന നപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇനിയൊരു അവസരം നല്‍കാതെ റിപ്പോര്‍ട്ട് തയാറാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി വിശദമായ മൊഴിയെടുത്ത സംഘം എന്തിനാണ് വീണ്ടും ജീവനക്കാരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത് എന്നത് സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. കേസിന്റെ ആദ്യഘട്ടം മുതല്‍ ഭരണാനുകൂല സംഘടനാ നേതാവായ പ്രതിയെ സംരക്ഷിക്കാന്‍ നീക്കങ്ങള്‍ നടന്നത് സംശയം ബലപ്പെടുത്തുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ അണിയറയില്‍ നടക്കുന്നതെന്നാണ് ആശങ്ക. സംഭവവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഓഫിസ് അറ്റൻഡന്റ് പ്രവീണിനെയും തെളിവെടുപ്പിന് വിളിപ്പിച്ചിട്ടുണ്ട്.
കേസില്‍ കുറ്റാരോപിതരായ അഞ്ചു ജീവനക്കാരെ അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് പ്രിന്‍സിപ്പല്‍ സര്‍വിസില്‍ തിരിച്ചെടുത്തത് വിവാദമാവുകയും പിന്നീട് പ്രതികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.