മെഡിക്കൽ കോളജ് ജോലി തട്ടിപ്പ്; പ്രതിയെ സഹായിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി പരാതി
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും നാട്ടിൽ തന്നെയുണ്ടെന്ന് പരാതിക്കാർ പറയുന്നു.
ഞായറാഴ്ച ഇയാൾ കുടുംബസമേതം റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടത് പരാതിക്കാർ പൊലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്തില്ലെന്നും പൊലീസ് ഇയാൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിക്കൊടുക്കയാണെന്നും തട്ടിപ്പിനിരയായവർ ആരോപിക്കുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ പൊക്കുന്ന് തച്ചയിൽ പറമ്പ് വി. ദിദിൻകുമാർ കുടംബസമേതം റെയിൽവേ സ്റ്റേഷനിലെത്തിയത് പരാതിക്കാരിൽ ഒരാളുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് പരാതിക്കാരൻ ഇവരെ പിന്തുടർന്നു. ഇതു മനസ്സിലാക്കിയ പ്രതി റെയിൽവേ സ്റ്റേഷനിൽനിന്നു മുങ്ങി. പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നും ഇവർ പറയുന്നു. അതിനിടെ പരാതിക്കാരനും പ്രതിയുടെ പിതാവും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും റെയിൽവേ പൊലീസും മെഡിക്കൽ കോളജ് പൊലീസും ഇടപെട്ട് പ്രശ്നം താൽകാലികമായി രമ്യതയിലെത്തിക്കുകയായിരുന്നുവെന്നും പരാതിക്കാർ പറഞ്ഞു.
മെഡിക്കൽ കോളജിൽ ആശുപത്രി വികസനസമിതിക്ക് കീഴിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്താണ് ദിദിൻ ആളുകളിൽനിന്ന് പണം തട്ടിയത് . 40 ഓളം പേരിൽനിന്ന് ഒന്നരക്കോടിയോളം ഇയാൾ തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മെഡിക്കൽ കോളജിലെ കരാർ അടിസ്ഥാനത്തിൽ ഒരു വർഷം അറ്റൻഡറായി ജോലി നോക്കിയിരുന്ന ദിദിൻ അന്നത്തെ ഐ.ഡി കാർഡും ഫോട്ടോയും കാണിച്ചായിരുന്നു ആളുകളെ വലയിലാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ചേവായൂർ, പന്തീരാങ്കാവ്, ഫറോക്ക്, കൊടുവള്ളി, മുക്കം തുടങ്ങിയ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.