മെഡിക്കൽ കോളജിൽ അധ്യാപകൻ ഹോസ്റ്റലിൽ കയറി മർദിച്ചെന്ന് പരാതി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയെ അധ്യാപകൻ ഹോസ്റ്റലിൽ കയറി മർദിച്ചതായി പരാതി. ചീഫ് വാർഡന്റെ ചുമതലയുള്ള, ഗൈനക്ക് ഓങ്കോളജി വിഭാഗത്തിലെ ഡോ. സന്തോഷ് കുര്യാക്കോസ് മർദിച്ചുവെന്നാണ് വിദ്യാർഥി പരാതി നൽകിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥിയെ അധ്യാപകൻ ബൂട്ടിട്ട് ചവിട്ടി എന്ന് പരാതിയിൽ പറയുന്നു. ചവിട്ടി എഴുന്നേൽപ്പിച്ച ശേഷം വിദ്യാർഥിയുടെ മുഖത്ത് അടിക്കാൻ ശ്രമിക്കുകയും മാതാപിതാക്കളെ അടക്കം അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ ഉണ്ട്. അടുത്തുണ്ടായിരുന്ന വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അസഭ്യം പറയുകയും തിരികെപോകുന്ന വഴി സെക്യൂരിറ്റി ജീവനക്കാരനോടും മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അധ്യാപകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമായതിനാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ യൂനിയൻ ആവശ്യപ്പെട്ടു.
വാർഡൻസ്ഥാനത്തുനിന്ന് ഡോ. സന്തോഷ് കുര്യാക്കോസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് യൂനിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഐ.എം.സി.എച്ചിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ഐ.എം.സി.എച്ചിലെ വാർഡുകൾക്ക് മുന്നിലൂടെ പ്രതിഷേധ മുദ്രാവാക്യമുയർത്തി മുന്നേറി. വാർഡുകളിൽ രോഗികൾ ഉള്ളതിനാൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന മറ്റു ഡോക്ടർമാരുടെ അഭ്യർഥന മാനിച്ച് ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർഥികൾ വീണ്ടും പ്രിൻസിപ്പൽ ഓഫിസിനു മുന്നിലേക്ക് മാർച്ച് നടത്തി. തുടർന്ന് പ്രിന്സിപ്പലിന് യൂനിയൻ പരാതി കൈമാറി. സംഭവത്തിൽ വിദ്യാർഥിയും വിദ്യാർഥി യൂനിയനും എസ്.എഫ്.ഐയും പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. പരാതി ഉറപ്പുവരുത്തിയ ശേഷം അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുമെന്നും കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ നടപടികളെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു.
അതേസമയം, വിദ്യാർഥിയെ ദേഹോപദ്രവം ചെയ്തെന്ന ആരോപണം ഡോ. സന്തോഷ് കുര്യാക്കോസ് നിഷേധിച്ചു. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഈ ബ്ലോക്കിൽനിന്ന് രണ്ടാം വർഷ വിദ്യാർഥികളെ മാറ്റാൻ ഡി.എം.ഇയിൽനിന്ന് ഉത്തരവുണ്ടായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. വിദ്യാർഥികളെ മാറ്റാൻ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരമാണ് താൻ ഹോസ്റ്റലിൽ ചെന്നത്. വിദ്യാർഥികൾ മാറാൻ തയാറല്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറുകയായിരുന്നു. തനിക്കെതിരെ പരാതിയുണ്ടെങ്കിൽ പ്രിൻസിപ്പലിനെ സമീപിക്കുകയോ നിയമവഴി സ്വീകരിക്കുകയോ ചെയ്യാമായിരുന്നിട്ടും നവജാത ശിശുക്കളും അമ്മമാരും കിടക്കുന്ന വാർഡിലൂടെ വിദ്യാർഥികൾ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.